the digital signature of the temple city

പഴമയുടെ പെരുമയിൽ ഗുരുവായൂർ ക്ഷേത്രം; ഗുരുവായൂരപ്പന്റെ മതഗ്രന്ഥശാലയ്ക്ക് 82 വയസ്

തിട്ടൂരങ്ങളിൽ നിന്ന് ഡിജിറ്റൽ കാലത്തേക്ക്: ഗുരുവായൂർ ക്ഷേത്രചരിത്രത്തിന്റെ ജീവനുള്ള രേഖയായി 82 വർഷം പിന്നിടുന്ന മതഗ്രന്ഥശാല

- Advertisement - Guruvayoor image

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ സന്നിധിയിൽ ദേവസ്വം വകയായി പ്രവർത്തിച്ചു വരുന്ന മതഗ്രന്ഥശാല ആരംഭിച്ചിട്ട് 82 വർഷം പൂർത്തിയാകുന്നു. ഗുരുവായൂർ ക്ഷേത്രചരിത്രങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായ സാമൂതിരി രേഖകളുടെ അടിസ്ഥാനത്തിൽ, 1944 ഫെബ്രുവരി 4-നാണ് മതഗ്രന്ഥശാലയുടെ ഉദ്ഘാടനം നടന്നതെന്ന് കണക്കാക്കപ്പെടുന്നു. ആരാധനയും ഭരണചരിത്രവും സംസ്കാരപാരമ്പര്യവും ഒരുപോലെ ചേർന്ന ഈ സ്ഥാപനം, കാലത്തെ അതിജീവിച്ച് ഇന്നും വിജ്ഞാനദീപമായി നിലകൊള്ളുന്നു.

ആരംഭകാലവും സാമൂതിരി തിട്ടൂരങ്ങളും

ഗുരുവായൂർ ക്ഷേത്രഭരണം കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് സാമൂതിരിപ്പാടു തമ്പുരാന്റെ കൊല്ലം 1120 മീനം 6-ലെ തിട്ടൂരം (1944) മതഗ്രന്ഥശാലയുടെ തുടക്കക്കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട രേഖയാണ്. ഹോണററി ലൈബ്രേറിയന്റെ ചുമതലകൾ, പത്ര–മാസികകൾ വരുത്തൽ, ശിപായിക്ക് അലവൻസ് നിശ്ചയിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ദേവസ്വം മാനേജറുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സാമൂതിരി തിട്ടൂരത്തിലൂടെ വ്യക്തമാക്കിയിരുന്നു. ലൈബ്രറി ഉദ്ഘാടനവും ഫെബ്രുവരി 4-നുതന്നെ നടന്നതായുള്ള റിപ്പോർട്ടും രേഖകളിലുണ്ട്.

ആദ്യകാലത്ത് ലൈബ്രേറിയന് 30 കാശ് ശമ്പളവും, സൈക്കിൾ അലവൻസ് 5 കാശും, ക്ലാർക്കിന് അലവൻസ് ഉൾപ്പെടെ 45 കാശ് ശമ്പളവും അനുവദിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ചെലവുകളും വരവുകളും കർശനമായി വിലയിരുത്തിയ സാമൂതിരി നിലപാടുകൾ, സ്ഥാപനത്തിന്റെ ശാസ്ത്രീയ ഭരണസങ്കൽപ്പത്തെ പ്രതിഫലിപ്പിക്കുന്നു.

പുസ്തകദാനവും വളർച്ചയും
1952-ൽ കോട്ടക്കൽ കോവിലകം തമ്പുരാൻ തന്റെ വകയായിരുന്ന അമൂല്യമായ നിരവധി പുസ്തകങ്ങൾ മതഗ്രന്ഥശാലയ്ക്ക് സംഭാവനയായി നൽകി. ദാനമായി ലഭിച്ച എല്ലാ ഗ്രന്ഥങ്ങളും കേടുവരാതെ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന കർശന നിർദേശവും തിട്ടൂരത്തിലൂടെ നൽകി. ഇതോടെ മതഗ്രന്ഥശാലയുടെ ശേഖരം ഗണ്യമായി വർധിച്ചു.

കെട്ടിടമാറ്റങ്ങളും നവീകരണവും
കിഴക്കേ നടയിലെ സത്രം കെട്ടിടത്തിൽ ആരംഭിച്ച മതഗ്രന്ഥശാല, 1975-ൽ സത്രം ഈസ്റ്റ് ബ്ലോക്കിലേക്ക് മാറ്റി വിപുലീകരിച്ചു. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി വെള്ള ഈച്ചരൻ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥലപരിമിതിയും കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും മൂലം ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി, 2014 സെപ്റ്റംബർ 26-ന് ക്ഷേത്രപരിസരത്തെ വൈജയന്തി കെട്ടിടത്തിലെ വിശാലമായ ഹാളിലേക്ക് മാറ്റി. ഇതിനോടൊപ്പം കമ്പ്യൂട്ടറൈസേഷനും ഡിജിറ്റലൈസേഷനും ഘട്ടംഘട്ടമായി നടപ്പാക്കി, ആധുനിക ലൈബ്രറി സൗകര്യങ്ങളിലേക്ക് മതഗ്രന്ഥശാലയെ ഉയർത്തി.

സേവനപാരമ്പര്യവും നേതൃത്വവും
വാരിയത്ത് കുട്ടിരാമമേനോൻ, സി.ജി. നായർ (ഓമനപ്പേര്: സി. ഗോപാലകൃഷ്ണൻ), പ്രശസ്ത സാഹിത്യകാരൻ പുതൂർ ഉണ്ണികൃഷ്ണൻ, ഷാജൻ, രാജലക്ഷ്മി മാനഴി എന്നിവർ വിവിധ കാലഘട്ടങ്ങളിൽ ഗ്രന്ഥശാലയുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചവരാണ്.
ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കീഴിൽ രാധാകൃഷ്ണൻ മാസ്റ്റർ, ഷാജു പുതൂർ, അഡ്വ. ഗിരിജാചന്ദ്രൻ, വി.പി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ ഉപദേശകസമിതി സജീവമാണ്. ദേവസ്വം പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി. സുരേഷ്, അസി. ലൈബ്രേറിയൻ ശ്രീമതി ജീവലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ദിനസദ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നയിക്കുന്നു.

അമൂല്യ ശേഖരവും പ്രവർത്തനങ്ങളും
ഇന്ന് 27,000-ലധികം പുസ്തകങ്ങൾ, 17-ൽ അധികം വിഭാഗങ്ങൾ, അമൂല്യ ഗ്രന്ഥങ്ങൾ, താളിയോലകൾ, പുരാണങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ, കവിത–കഥാസമാഹാരങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദേവസ്വം ഭക്തപ്രിയ, ശ്രീ ഗുരുവായൂരപ്പൻ തുടങ്ങിയ പത്ര–മാസികകൾ എന്നിവയടങ്ങിയ സമ്പന്നമായ ശേഖരമാണ് മതഗ്രന്ഥശാലയ്ക്ക്. രാമായണ ഗ്രന്ഥപ്രദർശനം, പ്രശ്നോത്തരി മത്സരങ്ങൾ, വായനാദിനാചരണം തുടങ്ങിയ പരിപാടികളിലൂടെ വായനയും പഠനവും പ്രോത്സാഹിപ്പിച്ചുകൊണ്ട്, ആദ്ധ്യാത്മിക–സാംസ്കാരിക രംഗങ്ങളിൽ ഗുരുവായൂരപ്പന്റെ മതഗ്രന്ഥശാല സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് നൽകുന്നത്.

അഭിമാനത്തിന്റെ 82-ാം വർഷം
കാലത്തിനൊപ്പം മാറിയും, പാരമ്പര്യം കൈവിടാതെയും, ഗുരുവായൂർ ദേവസ്വത്തിന്റെ അഭിമാനമായി ഗുരുവായൂരപ്പന്റെ മതഗ്രന്ഥശാല 82-ാം വർഷത്തിൽ പ്രവേശിക്കുമ്പോൾ, ചരിത്രസംരക്ഷണത്തിന്റെയും വിജ്ഞാനവ്യാപനത്തിന്റെയും ഉജ്ജ്വല മാതൃകയായി അത് നിലകൊള്ളുന്നു.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts