27 സീറ്റ് ലീഗിന് – തിരുവമ്പാടി വിട്ടുനൽകാൻ സന്നദ്ധത, കളമശ്ശേരി വിഷയത്തിൽ കടുത്ത നിലപാട്: കോങ്ങാട് കോൺഗ്രസിന്, ആർഎസ്പിക്ക് അഞ്ച് സീറ്റ് – കേരള കോൺഗ്രസ് ജോസഫുമായി തർക്കം തുടരുന്നു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക് നീങ്ങുന്നു. ഏറെനാളായി നീണ്ടുനിന്ന ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയതോടെ യുഡിഎഫ് ക്യാമ്പിൽ ആത്മവിശ്വാസം ശക്തമാകുകയാണ്.
നിലവിലെ ധാരണ പ്രകാരം മുസ്ലിം ലീഗിന് 27 സീറ്റുകൾ ലഭിക്കും. തർക്ക വിഷയമായിരുന്ന തിരുവമ്പാടി മണ്ഡലം വിട്ടുനൽകാൻ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചതോടെ ചർച്ചകൾക്ക് ഗതിവേഗം ലഭിച്ചു. അതേസമയം, ലീഗ് മത്സരിച്ചിരുന്ന കോങ്ങാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കും. കോങ്ങാടിന് പകരമായി മറ്റൊരു സംവരണ മണ്ഡലം മുസ്ലിം ലീഗിന് കൈമാറാനാണ് ധാരണ.
എന്നാൽ കളമശ്ശേരി മണ്ഡലം വിട്ടുനൽകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ആർഎസ്പി സീറ്റ് വിഭജനം
ആർഎസ്പി അഞ്ച് സീറ്റുകളിൽ മത്സരിക്കും.
ലഭിക്കുന്ന മണ്ഡലങ്ങൾ: ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ, മട്ടന്നൂർ. അതേസമയം, മട്ടന്നൂരിന് പകരം കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലം നൽകണമെന്ന ആവശ്യവും ആർഎസ്പി ഉന്നയിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) – കോൺഗ്രസ് തർക്കം തുടരുന്നു
കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) വിഷയത്തിൽ ചർച്ച ഇന്നും തുടരുകയാണ്. മൂന്ന് സീറ്റുകൾ എങ്കിലും ലഭിക്കണമെന്നതാണ് കോൺഗ്രസിന്റെ കടുത്ത നിലപാട്.
കോൺഗ്രസ് ആവശ്യപ്പെടുന്ന മണ്ഡലങ്ങൾ: ഇടുക്കി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ
എന്നാൽ ഈ മണ്ഡലങ്ങൾ വിട്ടുനൽകില്ലെന്ന ശക്തമായ നിലപാടിലാണ് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം). ഇതാണ് നിലവിൽ യുഡിഎഫിനുള്ളിലെ പ്രധാന പ്രതിസന്ധി.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി തിരുവനന്തപുരത്തെത്തി. ഇന്നും നാളെയും കേരളത്തിൽ തുടരുന്ന അദ്ദേഹം മുതിർന്ന നേതാക്കളുമായും ജില്ലാ നേതൃത്വങ്ങളുമായും വിശദമായ ചർച്ചകൾ നടത്തും.നേതാക്കളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയശേഷം മാത്രമേ സാധ്യതാ പട്ടിക തയ്യാറാക്കൂ. വിജയസാധ്യതയാണ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന്റെ മുഖ്യ മാനദണ്ഡം. ഈവണ സ്ഥാനാർത്ഥി നിർണയത്തിൽ സർവ്വേ ഫലങ്ങളും നിർണായകമായി പരിഗണിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഇന്നോടെ തീർപ്പാക്കാൻ ശ്രമം
യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ ഇന്നോടെ പൂർത്തിയാക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. നിർണായക ധാരണകൾക്ക് സാധ്യത ഉയർന്നതോടെ, തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് മുന്നണി കടക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

