പ്രശസ്ത സംഗീത സംവിധായകൻ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലെ അനശ്വര ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രതിഭയായിരുന്നു എസ്. പി. വെങ്കിടേഷ്.
മലയാള സിനിമയിൽ മാത്രം ഏകദേശം 150ഓളം ഗാനങ്ങൾക്ക് ഈണമിട്ട അദ്ദേഹം, 1980കളുടെ അവസാനത്തിലും 1990കളിലും പുറത്തിറങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായിരുന്നു. മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായത് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചതോടെയാണ്. ചിത്രത്തിലെ ഗാനങ്ങളും സിനിമയും വൻവിജയമായതോടെ എസ്. പി. വെങ്കിടേഷിന് പിന്നീടൊരു തിരിഞ്ഞുനോട്ടം വേണ്ടിവന്നില്ല.
കിലുക്കം, സ്ഫടികം, ധ്രുവം, കൗരവർ, ജോണി വാക്കർ, കിഴക്കൻ പത്രോസ്, ഹിറ്റ്ലർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹം, ദേവാസുരം ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പശ്ചാത്തല സംഗീതത്തിലൂടെയും തന്റെ സംഗീത പ്രതിഭ തെളിയിച്ചു. 1993-ൽ ‘പൈതൃകം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹം നേടി. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലും ശ്രദ്ധേയമായ സംഗീത സൃഷ്ടികൾ നടത്തി.
കാലാതീതമായ ഈണങ്ങളിലൂടെ തലമുറകളെ ആനന്ദിപ്പിച്ച എസ്. പി. വെങ്കിടേഷിന്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ സംഗീത പ്രേമികളുടെ മനസ്സിൽ എക്കാലവും ജീവിച്ചിരിക്കും

