the digital signature of the temple city

പഴമയുടെ പെരുമയിൽ ഗുരുവായൂർ; 74 വർഷം തികയുന്ന ഗുരുവായൂരപ്പന്റെ സ്വർണ്ണധ്വജത്തിന്റെ മഹത്വചരിത്രം

ഗുരുവായൂരിൽ കനകസൂര്യോദയം: മകരമാസ മകീര്യം ദിനം—ജനുവരി 29—ഗുരുവായൂർ ധ്വജപ്രതിഷ്ഠയുടെ സ്മരണാദിനം

- Advertisement - Guruvayoor image

ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട അധ്യായങ്ങളിലൊന്നാണ് ഗുരുവായൂരപ്പന്റെ സ്വർണ്ണക്കൊടിമരം. ഭക്തിയും സമർപ്പണവും ദൈവിക ദർശനവും ഒരുമിച്ചു സംഗമിക്കുന്ന ഈ സ്വർണ്ണധ്വജം സ്ഥാപിച്ചിട്ട് 1201 മകരം 15-ന് ( 2026 ജനുവരി 29) 74 വർഷം പൂർത്തിയാകുകയാണ്. ധ്വജപ്രതിഷ്ഠാ ചടങ്ങ് ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ മഹത്തായ നിമിഷമായി ഇന്നും സ്മരിക്കപ്പെടുന്നു.

1952-ലെ ഉത്സവത്തിൽ ആദ്യമായി പുതിയ സ്വർണ്ണധ്വജത്തിൽ കൊടിയേറ്റം നടന്നതിനാൽ, ഈ വർഷം ഫെബ്രുവരി 28-ന് നടക്കുന്ന ഉത്സവം സ്വർണ്ണധ്വജത്തിൽ കൊടിയേറ്റം നടക്കുന്ന എഴുപത്തിനാലാമത്തെ ഉത്സവമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ മുൻപ് സ്ഥാപിച്ചിരുന്ന കൊടിമരം കൊല്ലവർഷം 1036-ൽ (1861) സ്ഥാപിച്ചതും, ടിപ്പുസുൽത്താന്റെ ആക്രമണത്തിനു ശേഷമുള്ള ക്ഷേത്ര ജീർണ്ണോദ്ധാരണത്തിന്റെ ഭാഗമായി അതു പുതുക്കിയതുമാണെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. പുതിയ കൊടിമരം സ്ഥാപിക്കുമ്പോൾ നിലത്തിൽ നിന്നു ലഭിച്ച 1840-ലെ നാണ്യങ്ങളും പുരാവസ്തുക്കളും ഇതിന്റെ സാക്ഷ്യങ്ങളായി ഭക്തർ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വർണ്ണധ്വജത്തിനായുള്ള ദീർഘമായ തയ്യാറെടുപ്പ്

ഗുരുവായൂർ ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റിയായിരുന്ന കോഴിക്കോട് സാമൂതിരി കോവിലകം, 1941-ലേയ്ക്ക് തന്നെ ഈ മഹത്തായ സംരംഭത്തിനായി ശ്രമം ആരംഭിച്ചിരുന്നു. പുതിയ കൊടിമരത്തിനായി അനുയോജ്യമായ തേക്ക്മരം ലഭ്യമാക്കാൻ 1946-ൽ ട്രാവൻകൂർ സർക്കാരിനോട് അപേക്ഷ നൽകിയെങ്കിലും സ്റ്റേറ്റ് ഫോറസ്റ്റുകളിൽ ലഭ്യമല്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. തുടർന്ന് 1947 ഡിസംബർ 27-ന് സാമൂതിരി രാജയുടെ തിട്ടൂരമനുസരിച്ച് സാമൂതിരി കോവിലകത്തിൽ നിന്നു തന്നെ അന്വേഷണങ്ങൾ നടത്തി തേക്ക്മരം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കി.

അവസാനം മലയാറ്റൂരിൽ നിന്നു 72 അടി നീളമുള്ള തേക്ക്മരം ലഭിച്ചു. ഇതിന്റെ സർക്കാർ വില 827 രൂപ 14 ആണ 8 പൈസയായിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ വകയായി ഈ തേക്ക്മരം ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചു. 65 അടി ഉയരമുള്ള കൊടിമരത്തിൽ 5 അടി നിലത്തിനു താഴെയും ശേഷിക്കുന്ന ഭാഗം മുകളിലുമായാണ് സ്ഥാപിച്ചത്. കരിങ്കൽ തറ മൂന്ന് അടിയായിരുന്നു.

സ്വർണ്ണാഭരണവും ആചാരാനുഷ്ഠാനങ്ങളും

കൊടിമരം സ്വർണ്ണം പൂശുന്നതിനായി 1947-ൽ തന്നെ മെ. സോളാർ എഞ്ചിനീയറിങ് വർക്സ് എസ്റ്റിമേറ്റ് തയ്യാറാക്കി. ഏകദേശം ഏഴുനൂറ്റി ഒൻപതേമുക്കാൽ തോല സ്വർണ്ണം ദേവസ്വം കെട്ടിയിരുപ്പിൽ നിന്നാണ് ഉപയോഗിച്ചത്. പണിക്കൂലി മാത്രം ആറായിരം രൂപയോളം വന്നു.1951 ജൂൺ 11-ന് “ദാരുപരിഗ്രഹം” എന്ന പ്രധാന ചടങ്ങ് നടന്നു. കൊടിമരത്തിനുള്ള മരം ഔപചാരികമായി ക്ഷേത്രം ഏറ്റെടുക്കുന്ന ഈ ചടങ്ങിന് 8 നാരായം അരിയും, അഞ്ചര നാരായം നെല്ലും, 152 രൂപ 10 ആണ 7 പൈസയും ചെലവായി. തുടർന്ന് കലശചടങ്ങുകൾക്കായി 7500 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെട്ടു. പ്രവർത്തിച്ചവർക്ക് പട്ടും വളയും സമ്മാനമായി നൽകാനും, ഓതിക്കന്മാർക്കും കൂലിപ്പണിക്കാർക്കും വേണ്ട ആദരവുകളും അനുവദിക്കപ്പെട്ടു.

താന്ത്രിക കർമ്മങ്ങളും ഭക്തിസമർപ്പണവും

ധ്വജപ്രതിഷ്ഠാ ചടങ്ങുകളുടെ മുഖ്യകാർമികത്വം ഗുരുവായൂരപ്പന്റെ തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് വഹിച്ചു. അദ്ദേഹത്തെ സഹായിച്ച് ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെ നിരവധി പ്രമുഖ താന്ത്രികരും ഓതിക്കന്മാരും സഹകർമ്മികളായി. സ്വർണ്ണപ്പണി ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ 40-ൽ പരം തൊഴിലാളികൾ ഏഴ് മാസത്തോളം ഇടവിടാതെ ഭക്തിസാന്ദ്രമായി പങ്കെടുത്തു.കൊടിമരം സ്ഥാപിക്കുന്നതിനായി പ്രത്യേക ഭണ്ഡാരം ഏർപ്പെടുത്തിയതിൽ നിന്നു മാത്രം 31,168 രൂപ സമാഹരിക്കപ്പെട്ടു. ഇതെല്ലാം ഗുരുവായൂർ ഭക്തജനങ്ങളുടെ കൂട്ടായ സമർപ്പണത്തിന്റെ ദീപ്തമായ ഉദാഹരണമാണ്

കനകപ്രഭയിൽ കുളിക്കുന്ന ദിവ്യധ്വജം

ദൂരെ നിന്നു പോലും ദർശിച്ചു വണങ്ങുമ്പോൾ ഭക്തഹൃദയങ്ങൾക്ക് സാന്ത്വനമേകുന്ന ഈ സ്വർണ്ണധ്വജം, ഗുരുപവനപുരേശന്റെ സന്നിധിയിൽ ഇന്നും കനകപ്രഭ പരത്തി അനുഗ്രഹം ചൊരിയുന്നു. ഓരോ ഉത്സവത്തിലും വീണ്ടും വീണ്ടും കൊടിയേറ്റം നടത്തി ഭക്തരെ ആത്മസാക്ഷാൽക്കാരത്തിലേക്ക് നയിക്കുന്ന ഈ ദിവ്യചിഹ്നം, ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മാവായി നിലകൊള്ളുന്നു.

ഹന്ത ഭാഗ്യം ജനാനാം!

രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts