കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെനാളായി ഒളിവിലായിരുന്ന ഷിംജിതയെ വടകരയിൽ നിന്നാണ് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
വടകരയിലെ ബന്ധുവീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയ ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് കേസെടുത്തതിന് പിന്നാലെയാണ് ഷിംജിത ഒളിവിൽ പോയത്.
പ്രതി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എങ്കിലും പ്രതിയുടെ സഞ്ചാരത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാതിരുന്നതിനാൽ അന്വേഷണം വെല്ലുവിളിയായി മാറിയിരുന്നു. തുടർച്ചയായ നിരീക്ഷണത്തിനൊടുവിലാണ് വടകരയിൽ നിന്നു പിടികൂടാനായത്.
അതേസമയം, പ്രതിയെ രക്ഷപ്പെടാൻ പൊലീസ് അവസരം ഒരുക്കിയെന്നും കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ പ്രതിയായ ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന ആരോപണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് വ്യാപക ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവമാണ് ദീപക്കിന്റെ മരണം.

