ഫെബ്രുവരി 28ന് കൊടിയേറ്റം, മാർച്ച് 9ന് ആറാട്ടോടെ സമാപനം; ഏഴ് സബ് കമ്മിറ്റികൾ രൂപീകരിച്ച് ഉത്സവ ഒരുക്കങ്ങൾ സജീവം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തെ ഉത്സവം ആചാരാനുഷ്ഠാനങ്ങളുടെ മഹത്വം നിലനിർത്തി ഗംഭീരമായി നടത്തുന്നതിന് ദേവസ്വത്തിന് പൂർണ പിന്തുണയും സഹകരണവും നൽകുമെന്ന് നാട്ടുകാരുടെ പൊതുയോഗം ഉറപ്പുനൽകി. ഫെബ്രുവരി 28ന് കൊടിയേറ്റത്തോടെ ആരംഭിച്ച് മാർച്ച് 9ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവം വിജയിപ്പിക്കുന്നതിനായി ദേവസ്വം വിളിച്ചു ചേർത്ത പൊതുയോഗം ഇന്ന് ഈ തീരുമാനം കൈക്കൊണ്ടു.

ദേവസ്വം കാര്യാലയത്തിലെ കൂറൂരമ്മ ഹാളിൽ നടന്ന പൊതുയോഗം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ വിജയത്തിനായി നാട്ടുകാരുടെയും വിവിധ സാമൂഹ്യ–സാംസ്കാരിക സംഘടനകളുടെയും പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം നടത്തുന്ന എല്ലാ ക്രമീകരണങ്ങൾക്കും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ചെയർമാൻ വ്യക്തമാക്കി.

ഉത്സവ നടത്തിപ്പിനായി ഏഴ് സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. പ്രോഗ്രാം & സ്റ്റേജ് സബ് കമ്മറ്റിയുടെ ചെയർമാനായി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനെ നിയമിച്ചു. വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായി ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (വാദ്യം), സി. മനോജ് (പബ്ലിക് റിലേഷൻസ്), മനോജ് ബി. നായർ (ആനയോട്ടം, പള്ളിവേട്ട), കെ.പി. വിശ്വനാഥൻ (പ്രസാദ ഊട്ട്), കെ.എസ്. ബാലഗോപാൽ (വൈദ്യുത അലങ്കാരം) എന്നിവരെ നിയമിച്ചു. വിവിധ ദേവസ്വം ഉദ്യോഗസ്ഥർ സബ് കമ്മിറ്റികളുടെ കൺവീനർമാരാകും. ദേവസ്വം ചീഫ് ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ കെ.പി. സജിത്ത് ചീഫ് കൺവീനറായിരിക്കും.

മുന്നൂറിലധികം ഭക്തജനങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ ഉത്സവം വിജയകരമായി നടത്തുന്നതിനായി ദേവസ്വത്തിന് എല്ലാ വിധ സഹായവും പിന്തുണയും നൽകുമെന്ന് ഏകകണ്ഠമായി പ്രഖ്യാപിച്ചു. സാമൂഹ്യ–സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് 16 പേർ ചർച്ചയിൽ പങ്കെടുത്തു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഗുരുവായൂർ നഗരസഭാ ഉപാധ്യക്ഷൻ ജ്യോതി രാജ്, ചീഫ് ഫിനാൻസ് ഓഫീസർ കെ.പി. സജിത്ത് എന്നിവർ ഉൾപ്പെടെ ദേവസ്വം ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജി.കെ. പ്രകാശൻ, ചേലനാട്ട് മോഹൻദാസ്, ഗിരീഷ് പാലിയത്ത്, തങ്കമണിയാമ്മ, ബാബുരാജ് കേച്ചേരി, മുരളീധര കൈമൾ, സുമേഷ്, വി.പി. ഉണ്ണിക്കൃഷ്ണൻ, ആർ. പരമേശ്വരൻ, രാംദാസ് ചൊവ്വല്ലൂർ, ആർ. നാരായണൻ, സജീവൻ നമ്പിയത്ത്, കെ. മുരളീധരൻ, ശിവരാമൻ നായർ, ബിന്ദു നാരായണൻ, ജി.വി. രാമനാഥൻ എന്നിവർ അഭിപ്രായങ്ങൾ പങ്കുവച്ചു.

പൊതുയോഗത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ സ്വാഗതവും ദേവസ്വം ഭരണസമിതി അംഗം സി. മനോജ് നന്ദിയും രേഖപ്പെടുത്തി.

