80 വർഷം മുൻപത്തെ ചരിത്രസാക്ഷ്യമായി തിരുവെങ്കിടം മകരച്ചൊവ്വ താലപ്പൊലി: മല്ലിശ്ശേരി നമ്പൂതിരിയുടെ നിർദേശപ്രകാരം ഗുരുവായൂർ കേശവനെയും കോപ്പും കോലവും അനുവദിച്ച സാമൂതിരിയുടെ തിട്ടൂരം വീണ്ടും സ്മരണയിൽ
ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പൗരാണിക ക്ഷേത്രമാണ് തിരുവെങ്കിടം ക്ഷേത്രം. പുരാതന കാലത്ത് പ്രസിദ്ധമായ വിഷ്ണുക്ഷേത്രമായിരുന്ന ഇതിൽ മുഖ്യപ്രതിഷ്ഠയായ വെങ്കിടേശ്വരൻ—വെങ്കിടാചലപതി—വിഷ്ണു ഭഗവാന്റെ സാന്നിധ്യം ഏറെ വിശേഷപ്പെട്ടതായിരുന്നു. കാലക്രമേണ പ്രധാനമൂർത്തിയുടെ വിഗ്രഹത്തിന് ഗളച്ഛേദം സംഭവിച്ചിരുന്നുവെങ്കിലും ക്ഷേത്രത്തിന്റെ ആത്മീയ മഹത്വം മങ്ങാതെ തുടർന്നു.
വിഷ്ണുക്ഷേത്രമായിരുന്നുവെങ്കിലും, പ്രധാനമൂർത്തിയുടെ തെക്കുകിഴക്കുമൂലയിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയും ഉണ്ടായിരുന്നതിനാൽ, ക്ഷേത്രം “തിരുവെങ്കിടം ഭഗവതിക്ഷേത്രം” എന്ന പേരിലും അറിയപ്പെട്ടു. വൃശ്ചികം ഒന്നുമുതൽ തുടർച്ചയായി 41 ദിവസത്തെ പാനയും വെള്ളരിപൂജയും ഇവിടെ ഏറെ വിശേഷമായി ആചരിച്ചു വന്നിരുന്നു. മകരച്ചൊവ്വ ദിനത്തിൽ നടക്കുന്ന വേലയും താലപ്പൊലിയുമാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ഉത്സവാഘോഷങ്ങളിൽ ഒന്ന്.
ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടക്കുന്ന ദിവസങ്ങളിൽ, പെരുന്തട്ട ശിവക്ഷേത്രം, നാരായണംകുളങ്ങര ഭഗവതിക്ഷേത്രം, താമരയൂർ ക്ഷേത്രം എന്നിവയ്‌ക്കൊപ്പം തിരുവെങ്കിടം ക്ഷേത്രത്തിലേക്കും നിവേദ്യത്തിനുള്ള അരി നൽകിവന്നിരുന്നുവെന്ന് ഗുരുവായൂർ ക്ഷേത്രത്തിന്റെ പൗരാണിക രേഖകളിൽ വ്യക്തമാക്കുന്നു. ഈ ആചാരം ഇന്നും അനുഷ്ഠാനപരമായി തുടരുന്നു.
ഉത്സവാഘോഷങ്ങൾക്കായി ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് സൗജന്യമായി ആനയെ അയക്കുന്ന പതിവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രചരിത്രത്തിൽ ഉൾപ്പെട്ട സാമൂതിരി രേഖകളാണ് ഇതിന് ശക്തമായ തെളിവ്. പ്രത്യേകിച്ച്, കൊല്ലം 1121 ധനു 25-ന് (1946) ഗുരുവായൂർ കേശവനെ തിരുവെങ്കിടം മകരച്ചൊവ്വ താലപ്പൊലി എഴുന്നള്ളിപ്പിനായി അയക്കണമെന്ന് ആവശ്യപ്പെട്ട് മല്ലിശ്ശേരി നമ്പൂതിരി നൽകിയ അപേക്ഷ പരിഗണിച്ച് സാമൂതിരി രാജാവ് പുറപ്പെടുവിച്ച തിട്ടൂരം ഇന്ന് ചരിത്രരേഖയായി നിലകൊള്ളുന്നു.
തിട്ടൂരത്തിൽ പറയുന്നത് ഇപ്രകാരമാണ്:
“കേശവനാനയെയും ഒരാനയ്ക്ക് വേണ്ട കോപ്പുകളും കോലവും മല്ലിശ്ശേരിക്കു അയച്ചു കൊടുക്കാവുന്നതാണ്. കേശവനാനയെ അയപ്പാൻ സൗകര്യമില്ലെങ്കിൽ തരം പോലെ മറ്റൊരു ആനയെ അയച്ചു കൊടുക്കുകയും വിവരം അറിയിക്കുകയും വേണം.” — (ഒപ്പ്) സാമൂതിരി രാജ, കൊല്ലം 1121 ധനു 25
കാലം മാറിയെങ്കിലും, ചരിത്രത്തിന്റെ ഈ അമൂല്യ സ്മരണകൾക്ക് ഇന്നും പ്രസക്തിയുണ്ട്. ഇന്ന് തിരുവെങ്കിടം ക്ഷേത്രം “തിരുവെങ്കിടാചലപതി ക്ഷേത്രം” എന്ന പേരിലാണ് ലോകമെമ്പാടുമറിയപ്പെടുന്നത്. 1974 ജനുവരിയിൽ, മല്ലിശ്ശേരി നമ്പൂതിരിയിൽ നിന്ന് ഭക്തജനതയുടെ താൽപര്യാർത്ഥം പൊതുജന ഭരണസമിതി ക്ഷേത്രഭരണം ഏറ്റെടുത്തു. ആഞ്ഞം മാധവൻ നമ്പൂതിരി, മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരി, ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ രക്ഷാധികാരികളായി.
1975 ജൂലൈ 10-ന്, പ്രശസ്ത ജ്യോത്സ്യൻ പുതുശ്ശേരി വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം നടന്നു. പുരാതനവും ഗളച്ഛേദം സംഭവിച്ചതുമായ വിഷ്ണു വിഗ്രഹം മാറ്റി പുനഃപ്രതിഷ്ഠ വേണമെന്നും തിരുപ്പതി വെങ്കിടേശ്വര ഭഗവാന്റെ സാന്നിധ്യം ക്ഷേത്രത്തിലുണ്ടെന്നുമുള്ള വിധിയാണ് പ്രസ്തുത പ്രശ്നത്തിൽ ഉണ്ടായത്. തുടർന്ന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രവിശാരദൻ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ പുനരുദ്ധാരണവും പുനഃപ്രതിഷ്ഠാ ചടങ്ങുകളും നടന്നു. ഇതോടെയാണ് ക്ഷേത്രം തിരുവെങ്കിടാചലപതി ക്ഷേത്രമായി അറിയപ്പെടാൻ തുടങ്ങിയത്.
ഇന്ന്, ചരിത്രപ്രസിദ്ധമായ തിരുവെങ്കിടം ക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷങ്ങൾ വിപുലമായി, ആചാരപരമായ ചടങ്ങുകൾക്ക് ഒട്ടും കുറവില്ലാതെ, ഭക്തജനങ്ങളുടെ സഹകരണത്തോടെ നടക്കുന്നു. കളമെഴുത്തുപാട്ട്, നിറപറ, എഴുന്നള്ളിപ്പ്, ഗുരുതി എന്നിവ തിരുവെങ്കിടത്തമ്മയുടെ തിരുനടയിൽ ഭക്തിപൂർവം സമർപ്പിച്ച്, തലമുറകളിലൂടെ പകർന്നു കിട്ടിയ അനുഭവജ്ഞാനവും പാരമ്പര്യവും വീണ്ടും ജീവൻ കൊള്ളുന്നു.
കടപ്പാട് : രാമയ്യർ പരമേശ്വരൻ

