നിശ്ചിത സമയത്ത് മാത്രം ക്യൂവിലെത്താൽ മതി; ഭക്തർക്കായി സൗകര്യപ്രദമായ ഡിജിറ്റൽ സംവിധാനം
ഗുരുവായൂർ:
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തർക്ക് മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഫെയ്‌സ് ആപ് അധിഷ്ഠിത ഡിജിറ്റൽ ടോക്കൺ സംവിധാനം നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. ഭക്തർക്ക് നിശ്ചിത സമയത്ത് സുതാര്യവും സൗകര്യപ്രദവുമായ ദർശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഫെയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം നടപ്പാക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം (Expression of Interest) ക്ഷണിക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. സമഗ്രമായ ക്യൂ മാനേജ്മെന്റ് സംവിധാനം നിലവിൽ വരുന്നതുവരെ ഇടക്കാല ക്രമീകരണമായാണ് ഈ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുത്തുക.
പദ്ധതിയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് 12 ടോക്കൺ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഓരോ കേന്ദ്രത്തിലൂടെയും ഒരേ സമയം 100 ഭക്തർക്ക് വീതം മുഖം തിരിച്ചറിയുന്ന ടോക്കണുകൾ നൽകും. ടോക്കൺ ലഭിക്കുന്ന സമയത്ത് ഭക്തരുടെ മുഖസവിശേഷതകൾ സിസ്റ്റത്തിൽ രേഖപ്പെടുത്തുകയും, ദർശനത്തിനായി പ്രവേശിപ്പിക്കുന്ന ടോക്കൺ നമ്പറുകൾ നിശ്ചിത സമയത്ത് ഡിസ്‌പ്ലേ ബോർഡുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
പ്രദർശിപ്പിക്കുന്ന ടോക്കൺ നമ്പറുകൾ അനുസരിച്ച് ഭക്തർക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രം ക്യൂ നിൽക്കുന്ന സ്ഥലത്ത് എത്തിയാൽ മതിയാകും. ഇതോടെ അനാവശ്യമായ തിരക്കും ദീർഘനേരം കാത്തുനിൽക്കേണ്ട അവസ്ഥയും ഒഴിവാക്കാൻ സാധിക്കും. പ്രത്യേകിച്ച് ഉത്സവദിനങ്ങളിലും അവധിക്കാലങ്ങളിലും ദർശനത്തിനുള്ള തിരക്ക് നിയന്ത്രിക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നാണ് ദേവസ്വത്തിന്റെ വിലയിരുത്തൽ.
വിപുലമായ സൗകര്യങ്ങളോടുകൂടിയ സ്ഥിരം ക്യൂ കോംപ്ലക്സ് നിർമാണം പൂർത്തിയാകുന്നതുവരെ ഈ ഡിജിറ്റൽ ടോക്കൺ സംവിധാനം നടപ്പിലാക്കും. ഭക്തരുടെ സമയമൂല്യവും സൗകര്യവും പരിഗണിച്ചുള്ള ഈ സാങ്കേതിക പരിഷ്കാരം എത്രയും വേഗം പ്രാവർത്തികമാക്കാനാണ് ദേവസ്വം ഭരണസമിതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

