ഗുരുവായൂർ: മകര സംക്രമദിനത്തിൽ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ വാദ്യകലയുടെ അപൂർവ ദൃശ്യ-ശ്രവ്യ അനുഭവമായി വാദ്യ പ്രതിഭാസേവ നടന്നു. മകരസംക്രമ ദിനാചരണത്തിന്റെ ഭാഗമായി വാദ്യപ്രതിഭാ കലാകാരന്മാരും തിരുവെങ്കിടം ക്ഷേത്ര കോമരവും സംഘവും ചേർന്ന് ഗുരുവായൂരപ്പന് മുന്നിൽ വാദ്യഅർച്ചന സമർപ്പിച്ച് സേവ നിർവഹിച്ചു.

ദേശപരമ്പരയുടെ ഭാഗമായാണ് ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഈ വാദ്യസേവ സംഘടിപ്പിച്ചത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം നേടി ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ച വാദ്യസേവ ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നു. തിരുവെങ്കിടം ക്ഷേത്ര കോമരം ചൊവ്വല്ലൂർ ശ്രീധരൻ വെളിച്ചപ്പെട്ട് പൂക്കുലകുറ്റികളുടെയും കുത്തുവിളക്കിന്റെ അകമ്പടിയോടെയും നയിച്ച സംക്രമ വാദ്യസേവ ഭക്തർക്കു ദൈവസാന്നിധ്യത്തിന്റെ ആത്മീയാനുഭവമായി.
വാദ്യ ശ്രേഷ്ഠ പ്രതിഭകളായ ചൊവ്വല്ലൂർ മോഹനൻ, ഇരിങ്ങപ്പുറം ബാബു, ഗുരുവായൂർ കമൽനാഥ്, ഗുരുവായൂർ അജി, ശശികണ്ണത്ത്, ഗോകുൽ ഗുരുവായൂർ, ഉണ്ണികൃഷ്ണൻ അരികന്നിയൂർ, ദാസൻ എടവന, ഗുരുവായൂർ സുരേഷ്, പട്ടിക്കാട് സന്തോഷ് എന്നിവർ വാദ്യസേവയ്ക്ക് സാരഥ്യം വഹിച്ചു. വിവിധ വാദ്യോപകരണങ്ങളുടെ ഏകോപിത നാദമേളം തിരുസന്നിധിയെ സംഗീതസമർപ്പണത്തിന്റെ പുണ്യവേദിയാക്കി മാറ്റി.
വാദ്യസേവയുടെ സംഘാടനത്തിനും സമർപ്പണത്തിനും തിരുവെങ്കിടം ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, ഇ. രാജു, ബാലൻ വാറണാട്ട്, ഹരി കൂടത്തിങ്കൽ, ശിവൻ കണിച്ചാടത്ത് എന്നിവർ നേതൃത്വം നൽകി. ഇരുപത്തിയഞ്ചോളം വാദ്യകലാകാരന്മാർ പങ്കെടുത്ത ഈ വാദ്യപ്രതിഭാസേവ മകരസംക്രമ ദിനത്തെ ഗുരുവായൂരിൽ ഭക്തിനാദത്തിന്റെ ഉത്സവമാക്കി.

