ശബരിമലയിൽ നിന്നുള്ള സ്വർണ്ണം അനധികൃതമായി കവർന്നുവെന്ന ഗുരുതര ആരോപണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം കൊല്ലം വിജിലൻസ് കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ പിന്നീട് ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐടി അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ശങ്കരദാസിന്റെ ആരോഗ്യനില വിലയിരുത്തിയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കണമെന്ന് മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി അടുത്തിടെ നിർദേശിച്ചിരുന്നു.
പ്രതിഭാഗം അഭിഭാഷകൻ, ശങ്കരദാസ് തിരുവനന്തപുരം ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്ന് കോടതിയെ അറിയിക്കുകയും അതിന് പിന്തുണയായി ഫോട്ടോകളും ചികിത്സാ രേഖകളും സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിയാണ് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ എസ്‌ഐടി അറസ്റ്റ് നടപടിയിലേക്ക് കടന്നത്.
ശബരിമല സ്വർണക്കൊള്ള കേസിൽ കെ.പി. ശങ്കരദാസ് പതിനൊന്നാം പ്രതിയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എ. പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കാലഘട്ടത്തിൽ ബോർഡ് അംഗമായിരുന്ന ശങ്കരദാസ്, സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്.
ഇതിനു മുമ്പ് ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നതും അന്വേഷണ ഏജൻസിക്കു മേൽ സമ്മർദ്ദം വർധിപ്പിച്ചിരുന്നതുമാണ്. അറസ്റ്റോടെ, ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതായാണ് വിലയിരുത്തൽ.

