ശബരിമലയുടെ വിശുദ്ധിയും ഭക്തരുടെ വിശ്വാസവും സംരക്ഷിക്കാൻ കർശന നടപടി ആവശ്യമെന്ന് കോടതി
കൊച്ചി: ശബരിമലയിൽ അഭിഷേകത്തിനായി ഉപയോഗിച്ച നെയ്യിന്റെ വിൽപ്പനയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.
കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടറെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ക്രമക്കേടുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തിയ സുനിൽകുമാർ പോറ്റിയെ സസ്‌പെൻഡ് ചെയ്തതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നടപടി ശബരിമലയുടെ വിശുദ്ധിയെയും ഭക്തരുടെ വിശ്വാസത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ബോർഡ് വ്യക്തമാക്കി.
ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ട് പ്രകാരം, 2025 നവംബർ 17 മുതൽ ഡിസംബർ 26 വരെ മരാമത്ത് ബിൽഡിംഗിലെ കൗണ്ടറിൽ നിന്നു വിറ്റ 13,679 പാക്കറ്റ് നെയ്യിന്റെ പണമായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടിൽ എത്തിയിട്ടില്ല. ഈ കുറച്ചുകാലയളവിൽ മാത്രം ഏകദേശം 35 ലക്ഷം രൂപയോളം വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഭക്തജനങ്ങളിൽ നിന്നും ലഭിച്ച പണം കൃത്യമായി ദേവസ്വം അക്കൗണ്ടിൽ എത്താത്തത് ഗുരുതരമായ ഭരണപരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. ശബരിമല പോലുള്ള വിശുദ്ധ തീർത്ഥകേന്ദ്രത്തിൽ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

