അനുമതി നിഷേധം സംശയാസ്പദമെന്ന് സംഘാടകർ; സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതികരണം
മലപ്പുറം: ആര് തടസ്സപ്പെടുത്തിയാലും തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് മഹാമാഘ മഹോത്സവം നിശ്ചിത സമയത്ത് തന്നെ നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കി. പരിപാടി തടസ്സപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായുള്ള ആശങ്കകൾ ഉയരുന്നതായി മുഖ്യ സംഘാടകനായ ജൂന അഖാഡയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ആനന്ദവനം പറഞ്ഞു. മലപ്പുറത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ ഒരുക്കങ്ങളും അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ചില നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിച്ചതെന്നും ഇതിന് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണു നടപടി ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. കലക്ടർക്ക് നവംബർ 14-ന് തന്നെ ആവശ്യമായ അപേക്ഷ സമർപ്പിച്ചിരുന്നതായും, തെരഞ്ഞെടുപ്പ് കഴിഞ്ഞ് അനുമതികളും തുടർ നടപടികളും സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും ആനന്ദവനം പറഞ്ഞു. എന്നാൽ ഇപ്പോൾ അവസാനഘട്ടത്തിൽ അനുമതി നിഷേധിച്ചത് മഹാമാഘ മഹോത്സവം തടയാനുള്ള നീക്കമാണെന്ന സംശയം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തിരുനാവായയിൽ മഹാമാഘ മഹോത്സവം നടന്നുവരുന്നതായ ചരിത്രം ഉണ്ടെന്നും, ഗവർണർ അടക്കമുള്ള പ്രമുഖരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ന്യാസിമാരും വിശ്വാസികളും പങ്കെടുക്കുന്ന ദേശീയ പ്രാധാന്യമുള്ള ചടങ്ങാണിതെന്നും സംഘാടകർ വ്യക്തമാക്കി. ഇതിനായി പ്രോട്ടോകോൾ നടപടികൾ പോലും പൂർത്തിയായിട്ടുണ്ട്.

ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കാനിരിക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ തടഞ്ഞതെന്നും, കാരണങ്ങൾ വിശദീകരിക്കാതെയാണ് നടപടി ഉണ്ടായതെന്നും സംഘാടകർ ആരോപിച്ചു. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് സർക്കാർ ഇടപെടൽ ഉണ്ടായത് എന്നത് സംശയം വർധിപ്പിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.
ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് മഹാമാഘ മഹോത്സവത്തിന്റെ പ്രധാന സംയോജകർ. ജൂന അഖാഡയിലെ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതിയ്ക്കാണ് കുംഭമേളയുടെ പ്രധാന ഉത്തരവാദിത്വം. കലക്ടർ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ എന്നിവർ പരിപാടിയുടെ രക്ഷാധികാരികളായിരിക്കെയാണ് ഇത്തരം നടപടികൾ ഉണ്ടായതെന്നതും സംഘാടകർ ചൂണ്ടിക്കാട്ടി.
തടസ്സങ്ങൾ ഉണ്ടായാലും നിയമപരമായ എല്ലാ വഴികളും സ്വീകരിച്ച് മഹാമാഘ മഹോത്സവം നടത്തുമെന്നും, ജനങ്ങളുടെ വിശ്വാസവും പങ്കാളിത്തവുമാണ് തങ്ങൾക്ക് ഏറ്റവും വലിയ കരുത്തെന്നും സംഘാടകർ വ്യക്തമാക്കി. സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമനടപടികൾ ഉൾപ്പെടെയുള്ള മാർഗങ്ങൾ ആലോചിക്കുന്നതായും അവർ അറിയിച്ചു.

