വിഴിഞ്ഞം കൈപിടിയിൽ; പായിംപാടത്ത് വിജയം നിലനിർത്തി, ഓണക്കൂരിൽ എൽഡിഎഫ് പിടിമുറുക്ക്
തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന് ശ്രദ്ധേയ നേട്ടം. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തതോടെ നഗര രാഷ്ട്രീയത്തിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ നിർണായക പ്രാധാന്യമുണ്ടായിരുന്ന വിഴിഞ്ഞം വാർഡിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി, ആറു സ്വതന്ത്രർ എന്നിവരടക്കം ഒമ്പത് സ്ഥാനാർഥികളാണ് മത്സരിച്ചത്. രണ്ടു തവണയായി എൽഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റ് യുഡിഎഫ് തിരിച്ചുപിടിച്ചു.
ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻ കൗൺസിലറുമായ കെ. എച്ച്. സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി 2819 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാരുടെ എണ്ണം ഇരുപതായി.
അതേസമയം, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫ് നിലപാട് ഉറപ്പിച്ചു. സിപിഐഎം സ്ഥാനാർഥി സി. ബി. രാജീവ് 221 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 15 വാർഡുകളുള്ള പഞ്ചായത്തിൽ ഇതിനകം 9 വാർഡുകൾ നേടി യുഡിഎഫ് ഭരണം നേടിയിരുന്നുവെങ്കിലും, ഓണക്കൂർ വാർഡിൽ എൽഡിഎഫ് പിടിമുറുക്കുകയായിരുന്നു.
മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിംപാടം ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി കൊരമ്പയിൽ സുബൈദ 222 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മാറ്റിവെച്ച വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിലെ മുന്നണികളുടെ ശക്തി–ബലഹീനതകൾ വീണ്ടും വ്യക്തമാക്കി, വരാനിരിക്കുന്ന തദ്ദേശ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ ഊർജവും നൽകി.

