‘ഒഴിച്ചോടില്ല, മറച്ചുവെക്കാനും ഒന്നുമില്ല’; ‘ചോദ്യം ചെയ്താൽ നേരിട്ട് ഹാജരാകും’; ശബരിമല ആരോപണങ്ങളിൽ തുറന്നടിച്ച് അടൂർ പ്രകാശ്
ഗുരുവായൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും, ഏത് സമയത്തും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നടക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ‘പുതിയ രാഷ്ട്രീയ പണിയാണെന്നും’ അടൂർ പ്രകാശ് ആരോപിച്ചു.
തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങൾ ചാനലുകളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും, അന്വേഷണസംഘം ഇതുവരെ തന്നെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് യാതൊരു അറിവുമില്ലാത്ത കാര്യങ്ങളാണ് ആരോപണങ്ങളായി ഉയരുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഉടൻ ഹാജരാകും. ഇപ്പോൾ നടക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പുതിയ പണിയാണ്” – അടൂർ പ്രകാശ് പറഞ്ഞു.
എസ്ഐടിക്ക് മുന്നിൽ ഹാജരാകുന്നതിന് മുൻപ് മാധ്യമങ്ങളെ വിവരം അറിയിക്കുമെന്നും, അന്വേഷണസംഘം മാധ്യമങ്ങളെ അനുവദിക്കാത്ത സാഹചര്യത്തിൽ പോലും താൻ അവിടെ പറയാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി ജനങ്ങളോട് വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ കൂടി അറിയിക്കും. ഒന്നും മറച്ചുവെക്കില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയാ ഗാന്ധിയെ കാണുന്നതിനായി അപ്പോയിന്റ്മെന്റ് എടുത്തു നൽകിയത് താനാണോ എന്ന ചോദ്യത്തിന്, അത്തരത്തിൽ ഒരു അപ്പോയിന്റ്മെന്റും എടുത്തു നൽകിയിട്ടില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. എന്നാൽ അവിടെ ചെന്നത് യാഥാർഥ്യമാണെന്നും, അത് മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി തന്റെ നിയോജക മണ്ഡലത്തിൽപ്പെട്ട ആളാണെന്നും, അദ്ദേഹം കള്ളനാണെന്ന് അറിഞ്ഞുകൊണ്ടല്ല അദ്ദേഹത്തിന്റെ കാര്യങ്ങൾ കേട്ടതെന്നും അടൂർ പ്രകാശ് വിശദീകരിച്ചു. “എന്നോട് വന്ന് ഒരു കാര്യം പറഞ്ഞപ്പോൾ അത് കേൾക്കാൻ ഞാൻ തയ്യാറായിരുന്നു. ശബരിമലയിൽ നടന്ന അന്നദാനവുമായി ബന്ധപ്പെട്ടാണ് എന്നെ ക്ഷണിച്ചത്. ഞാൻ അവിടെ പോയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനം നിർവഹിച്ചതും യാഥാർഥ്യമാണ്” – അദ്ദേഹം പറഞ്ഞു.
“ഒഴിച്ചോടിപ്പോകില്ല. എന്റെ നിയോജക മണ്ഡലത്തിലുതന്നെ കാണും. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും” – അടൂർ പ്രകാശ് വ്യക്തമാക്കി.

