ആരോഗ്യത്തിനായി ചവിട്ടാം, പരിസ്ഥിതിക്കായി മുന്നേറാം; സൈക്കിളുകളുടെ ഉത്സവമാവേശം ഗുരുവായൂരിൽ
ഗുരുവായൂര്‍: പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ആരോഗ്യബോധമുള്ള സമൂഹം രൂപപ്പെടുത്താനും ലക്ഷ്യമിട്ട് ജീവ ഗുരുവായൂര്‍ സംഘടിപ്പിക്കുന്ന “സൈക്കിളോട്ട ഉത്സവം – 2026” 2026 ജനുവരി 4-ന് (ഞായറാഴ്ച) രാവിലെ 7 മണിക്ക് നടക്കും. സൈക്കിള്‍ യാത്രാ വാരത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം ഗുരുവായൂർ എ സി പി പ്രേമാനന്ദ കൃഷ്ണൻ നിർവഹിക്കും
മമ്മിയൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സൈക്കിളോട്ടം, ഡേവിസ് ബേക്കറി വഴി ഹരിദാസ് നഗര്‍, ആലുംപടി, പേരകം, മല്ലാട് കാവിട്, തമ്പുരാന്‍പടി എന്നിവിടങ്ങള്‍ പിന്നിട്ട് ഏകദേശം 10 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വീണ്ടും മമ്മിയൂര്‍ ജംഗ്ഷനില്‍ സമാപിക്കും.
ചാവക്കാട്–ഗുരുവായൂര്‍ മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നതും ജീവ ഗുരുവായൂര്‍ അംഗങ്ങളുമായ 18 വയസ്സ് പൂര്‍ത്തിയായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സൈക്കിളോട്ടത്തില്‍ പങ്കെടുക്കാം. ഗിയര്‍ ഇല്ലാത്ത സാധാരണ സൈക്കിളുകള്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതാണ് പരിപാടിയുടെ പ്രത്യേകത.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ആകര്‍ഷകമായ ഉപഹാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ഇന്ധന ലാഭം, കാര്‍ബണ്‍ ഉത്സര്‍ഗം കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സൈക്കിള്‍ യാത്രയുടെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യം.
ദൈനംദിന ജീവിതത്തില്‍ വാഹന ആശ്രിതത്വം വര്‍ധിക്കുന്ന സാഹചര്യത്തില്‍, സൈക്കിള്‍ ഒരു ലളിതവും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ യാത്രാമാര്ഗമാണെന്ന ബോധം ജനങ്ങളിലേക്കെത്തിക്കുന്ന ഒരു ജനകീയ ഇടപെടലായി സൈക്കിളോട്ട ഉത്സവം – 2026 മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
സൈക്കിളോട്ട ഉത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍:
? 94464 24093
? 99612 64090

