ഡിജിറ്റൽ ലോകത്ത് ഇന്ന് നിർണായക ശക്തിയായി മാറിയിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തന്നെയാണ്. എന്നാൽ എഐയുടെ വളർച്ചയോടൊപ്പം വ്യാജവാർത്തകളും ഡീപ് ഫേക്ക് വീഡിയോകളും വലിയ വെല്ലുവിളിയായി മാറുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും യഥാർത്ഥമാണോ കൃത്രിമമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഇതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ.
ഗൂഗിളിന്റെ അത്യാധുനിക എഐ മോഡലായ ‘ജെമിനി’ ഉപയോഗിച്ചാണ് ഈ പുതിയ സവിശേഷത അവതരിപ്പിക്കുന്നത്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ് മൈൻഡ് വികസിപ്പിച്ച ഈ ഫീച്ചറിലൂടെ, ഒരു വീഡിയോയോ ചിത്രമോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് കൃത്യമായി കണ്ടെത്താനാകും.
വീഡിയോയിലെ മെറ്റാഡേറ്റ, പശ്ചാത്തല ഘടകങ്ങൾ, ചിത്രങ്ങളുടെ പിക്സലുകളിൽ ചേർക്കുന്ന ‘സിന്ത് ഐഡി’ (Synth ID) എന്ന ഡിജിറ്റൽ വാട്ടർമാർക്ക് എന്നിവ വിശദമായി പരിശോധിച്ചാണ് ജെമിനി വിശകലനം നടത്തുന്നത്. ഉപയോക്താക്കൾ പരിശോധിക്കേണ്ട വീഡിയോയോ ചിത്രമോ അപ്‌ലോഡ് ചെയ്താൽ, മിനിറ്റുകൾക്കകം തന്നെ അതിൽ എഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ജെമിനി വ്യക്തമാക്കും.
ആപ്പ് പിന്തുണയ്ക്കുന്ന ഏത് ഭാഷയിലും ജെമിനിയോട് ചോദിക്കാനാവുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. ഗൂഗിൾ ഫോട്ടോസ് അടക്കമുള്ള മറ്റ് ഗൂഗിൾ സേവനങ്ങളിലൂടെ ഈ സൗകര്യം ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉപയോക്താക്കളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്റെ ഈ നീക്കം. സാങ്കേതിക വിദ്യയുടെ വളർച്ച ഗുണകരമാണെങ്കിലും, അതിനൊപ്പം ഉണ്ടാകുന്ന ദുരുപയോഗങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാണ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വീഡിയോകളെയും ചിത്രങ്ങളെയും തടയുന്നതിൽ ഈ പുതിയ ഫീച്ചർ നിർണായക പങ്ക് വഹിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

