തിരുവനന്തപുരം: അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന വാഗ്ദാനം പാലിക്കപ്പെടും എന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് പറയുന്നത് മാത്രമല്ല, ചെയ്യുന്നതുമാണെന്നതാണ് ബിജെപിയുടെ രാഷ്ട്രീയ ശൈലിയെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി അവസാനത്തോടെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമെന്നും, അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികളുടെ സമഗ്ര പ്രഖ്യാപനം നടക്കുമെന്നും കരമന ജയൻ വ്യക്തമാക്കി.
പാർട്ടി എടുത്ത തീരുമാനങ്ങൾ ശിരസ്സാവഹിക്കുന്ന പ്രവർത്തകരാണ് ബിജെപിക്ക് ഉള്ളതെന്നും, 50 കൗൺസിലർമാരോടും മേയർ ആരാകണമെന്ന കാര്യത്തിൽ അഭിപ്രായം തേടിയ ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നേതൃത്വം സംസ്ഥാന അധ്യക്ഷന് റിപ്പോർട്ട് നൽകി; മേയറെയും ഡെപ്യൂട്ടി മേയറെയും സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന അധ്യക്ഷനാണ് എടുത്തത് എന്നും കരമന ജയൻ വിശദീകരിച്ചു.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി.വി. രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനാർത്ഥികൾക്ക് ആർ. ശ്രീലേഖ മധുരം നൽകി ആശംസകൾ നേർന്നു.
വി.വി. രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂർ വാർഡിലെ കൗൺസിലറുമാണ്. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ കൗൺസിലർ കാലാവധിയാണ്. അടിയന്തര ചർച്ചയിൽ ജില്ലാ പ്രസിഡന്റ് കരമന ജയൻ, വി.വി. രാജേഷ്, ആർ. ശ്രീലേഖ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി എന്നിവർ പങ്കെടുത്തു. രാജേഷിനായി അവസാന നിമിഷം ശക്തമായ ഇടപെടൽ മുരളീധര പക്ഷത്തുനിന്നുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ആർഎസ്എസ് മുന്നോട്ടുവച്ചത് വി.വി. രാജേഷിന്റെ പേരായിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആശാ നാഥിന്റെ പേരും ആർഎസ്എസാണ് നിർദേശിച്ചത്. ഈ നിർദേശങ്ങൾ മറികടക്കാൻ സംസ്ഥാന നേതൃത്വത്തിനായില്ല. സംസ്ഥാന നേതൃത്വത്തിന് ആർ. ശ്രീലേഖയോടും ജി.എസ്. മഞ്ജുവിനോടുമായിരുന്നു താൽപര്യം.
അവസാന നിമിഷം വരെ ആർ. ശ്രീലേഖയ്ക്കായി സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നിൽ ആർഎസ്എസിന്റെ പ്രവർത്തനങ്ങളാണെന്ന വിലയിരുത്തലിലാണ് ആർഎസ്എസ് തീരുമാനത്തിന് അംഗീകാരം നൽകിയത്. രാഷ്ട്രീയ പരിചയ സമ്പത്തുള്ള വ്യക്തി മേയറാകണം എന്ന നിലപാടിലേക്കാണ് ആർഎസ്എസ് എത്തിയത്.
നീണ്ട ചർച്ചകൾക്ക് ശേഷമാണ് വിവി രാജേഷിനെ തിരുവനന്തപുരം മേയറാക്കാൻ തീരുമാനമായത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം.ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം.

