കെപിസിസി മാനദണ്ഡപ്രകാരമുള്ള തീരുമാനമെന്ന് കോൺഗ്രസ് നേതൃത്വം.: നാളെ തെരഞ്ഞെടുപ്പ്
തൃശൂർ കോർപറേഷന്റെ പുതിയ മേയറായി ഡോ. നിജി ജസ്റ്റിൻ തിരഞ്ഞെടുക്കപ്പെടും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ. പ്രസാദിനെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. നാളെയാണ് തൃശൂരിൽ മേയർ–ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡിസിസി വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമായ ഡോ. നിജി ജസ്റ്റിൻ, കിഴക്കുംപാട്ടുക്കര വാർഡിൽ നിന്നാണ് ഇക്കുറി വിജയിച്ചത്. കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചായാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി.
മുൻ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള നേതാവാണ് ഡോ. നിജി ജസ്റ്റിൻ. നാലുതവണ വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ ലാലി ജെയിംസ്, സുബി ബാബു, ശ്യാമള മുരളീധരൻ എന്നിവരെ മാറ്റിനിർത്തിയാണ് പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. നിജിയെ മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ചത്.
നടപടി ക്രമത്തിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും, കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയർ–ഡെപ്യൂട്ടി മേയർ ചർച്ചകൾ ആരംഭിച്ചതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. തർക്കങ്ങൾ ഉണ്ടെന്ന ആരോപണം മാധ്യമസൃഷ്ടി മാത്രമാണെന്നും, തൃശൂർ മേയർ തെരഞ്ഞെടുപ്പ് വൈകിയെന്ന വിമർശനം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

