ചാവക്കാട്: ഭാരതീയ ക്രൈസ്തവരുടെ ചരിത്രമുറങ്ങുന്ന പാലയൂരിന്റെ മണ്ണിൽ ‘പാലയൂർ ചരിത്രസ്മൃതി’ എന്ന പേരിൽ ചരിത്രപ്രദർശന മത്സരവും സമ്മേളനവും നടന്നു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിലാണ് ഡിസംബർ 13, 14 തീയതികളിൽ ‘പാലയൂർ ചരിത്രസ്മൃതി 2025’ എന്നപേരിൽ ചരിത്ര പ്രദർശനമത്സരം സംഘടിപ്പിച്ചത്.
2025 ഡിസംബർ 14 ലെ മുപ്പെട്ട്ഞായർ തിരുക്കർമ്മങ്ങൾക്ക് ശേഷം മെൽബൺ ബിഷപ്പ് ആയിരുന്ന മാർ ബോസ്കോ പുത്തൂർ പിതാവ് പാലയൂർ ചരിത്രസ്മൃതി ഉദ്ഘാടനം ചെയ്തു. മനുഷ്യരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും നമ്മുടെ പൂർവ്വികരുടെ ചരിത്രമാണ് ഇന്ന് ഇവിടെ കാണുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മെൽബൻ രൂപത ബിഷപ് എമിരറ്റ്സ് മാർ ബോസ്കോ പുത്തൂർ അഭിപ്രായപ്പെട്ടു. അർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ അസി വികാരി റവ ഫാ ക്ലിന്റ് പാണേങ്ങാടൻ കൈക്കാരന്മാർ എന്നിവർ സന്നിഹിതരായിരുന്നു.
ഭാരത ക്രൈസ്തവ പൈതൃകത്തിന്റെ ഈറ്റില്ലവും ആദ്യ ദേവാലയവുമായ പാലയൂരിൽ നടക്കുന്ന ഈ ചരിത്ര സമ്മേളനം വിശ്വാസികൾക്കും ചരിത്രകുതുകികൾക്കും ഒരുപോലെ പ്രയോജനകരവും, പുതിയ തലമുറക്ക് പുതിയ ഒരു അനുഭവം കൂടിയായിരുന്നു. പാലയൂരിലെ ക്രൈസ്തവരുടെ അടിയുറച്ച ആത്മീയ ജീവിതങ്ങളുടെ നേർസാക്ഷ്യങ്ങളായി സ്റ്റാളുകളിൽ സജ്ജീകരിച്ചിരിക്കുന്ന നിരവധിയായ പ്രാർത്ഥനാ പുസ്തകങ്ങൾ, വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, പുരാതന തിരുകർമ്മങ്ങളുടെ ഫോട്ടോകൾ, പുരാതന പ്രാർത്ഥന തിരുക്കർമങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ പെയിന്റ്റിംഗുകൾ തുടങ്ങി പുരാതന കാലങ്ങളിൽ ഉപയോഗിച്ചിരുന്ന നിത്യ ഉപയോഗ സാധനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. കൈക്കാരന്മാരായ ഫ്രാൻസി ചൊവ്വല്ലൂർ, സേവിയർ വാകയിൽ, ഹൈസൺ പി എ ഫ്രാൻസിസ് സി ഒ, പ്രോഗ്രാം കൺവീനർ ജോസ് പനക്കൽ, കേന്ദ്ര സമിതി കൺവീനർ സി ടി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

