പതിനെട്ടാംപടിയിൽ ബാരിക്കേഡ് തകർന്നു; പമ്പ–നിലയ്ക്കൽ മേഖലകളിൽ മനുഷ്യക്കടൽ. ഭക്ഷണമില്ല, കുടിവെള്ളമില്ല -സ്ഥിതി ഭയാനകം : ദേവസ്വം മുന്നൊരുക്കം പാളി…അടിയന്തിര നിയന്ത്രണം ആരംഭിച്ചു’.
ശബരിമല : മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തിരക്ക് നിയന്ത്രണം പൂർണമായി തകരാറിലായ സാഹചര്യത്തിൽ ദർശന സമയം ഇന്ന് ഉച്ചയ്ക്ക് 2 വരെ ദേവസ്വം ബോർഡ് നീട്ടി. പതിനെട്ടാം പടിക്ക് താഴെയും സന്നിധാനത്തും പമ്പയിലുമെല്ലാം അപൂർവമായ മനുഷ്യക്കടൽ സൃഷ്ടിയായിരിക്കുകയാണ്. കുടിവെള്ളവും ഭക്ഷണവും ലഭ്യമല്ലെന്ന തീർത്ഥാടകരുടെ പരാതിയും ശക്തമാണ്.
രാത്രി മുതൽ ക്യൂ ക്രമീകരണം താളം തെറ്റിയതോടെ
പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ വരെ തീർത്ഥാടകർ തകർത്ത് കടന്ന് ചെന്നതായി ഫീൽഡ് റിപ്പോർട്ടുകൾ.
സ്ത്രീകളും കുട്ടികളും ക്യൂയിൽ നിൽക്കാനാവാതെ തള്ളിപ്പോകുന്ന അവസ്ഥയാണ്.
പമ്പയിലെ നടപ്പന്തൽ പൂർണമായി നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. തിരക്ക് കുറയ്ക്കാൻ സന്നിധാനത്തിൽ ചില പാതകൾ ഏകദിശയായി മാറ്റിയെങ്കിലും പ്രതീക്ഷിച്ച മാറ്റമുണ്ടായില്ല.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ,
“ഈ വർഷത്തെ തിരക്ക് മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് ഈ അവസ്ഥ. നിലവിലെ സ്ഥിതി ഭയാനകം ആയിരിക്കുകയാണ്. തിരക്ക് നിയന്ത്രണത്തിന് പൊലീസ് സഹായം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.” എന്ന് അദ്ദേഹം പറഞ്ഞു.പമ്പയിലേക്കുള്ള അയ്യപ്പഭക്തരുടെ നിരക്ക് കുറഞ്ഞില്ലെങ്കിൽ പ്രവേശനം നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസറോട് കത്ത് നൽകിയിട്ടുണ്ടെന്നും ജയകുമാർ അറിയിച്ചു.
ദിവസംതോറും ആയിരക്കണക്കിന് തീർത്ഥാടകർ ബുക്കിംഗ് ഇല്ലാതെ വരുന്നത് വലിയ തിരക്കിന് കാരണമാവുന്നതിനാൽ, നിലയ്ക്കലിൽ 7 പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ ഇന്ന് വൈകുന്നേരത്തോടെ പ്രവർത്തനം ആരംഭിച്ചു. ഇതോടെ പമ്പയിലെ ഒരു കൗണ്ടർ ഉൾപ്പെടെ ആകെ 8 കൗണ്ടറുകളിലായി സ്പോട്ട് ബുക്കിങ് നടത്താനാകും.
പമ്പ–നിലയ്ക്കൽ റോഡിൽ ഗതാഗതം വലുതായി മന്ദഗതിയിലായി. വാഹന പരിശോധനകളും നിയന്ത്രണങ്ങളും കാരണം നിലയ്ക്കലിൽ
വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.പുലർച്ചെ മുതൽ നിലവിൽ വരെയും 10–12 കിലോമീറ്റർ വരെ നീണ്ട വാഹനനിര ഉണ്ടെന്നു പൊലീസ് പറഞ്ഞു.
ശബരിമലയിലെ തിരക്ക് കൂടുതൽ വഷളാകാതിരിക്കാൻ ദേവസ്വം ബോർഡും പൊലീസും അടിയന്തിര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും,
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രവചിക്കാത്ത തിരക്കുമാണ് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത്.അധിക സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിയാൽ മാത്രമേ തീർത്ഥാടകർക്ക് ആശ്വാസമാകുകയുള്ളു.

