ഗുരുവായൂർ: ഗുരുവായൂർ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ച് പ്രധാന വിളക്കുകളിൽ ഒന്നായ കനറാ ബാങ്ക് വിളക്ക് ഞായറാഴ്ച ഭക്തിസാന്ദ്രമായ ആചാരശോഭയോടെ നടക്കുമെന്ന് ബാങ്ക് വിളക്ക് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിനകത്ത് നിറമാലയും വിളക്കുകളും അർപ്പിച്ച് ചടങ്ങുകൾ ആരംഭിക്കും.
ഉച്ചതിരിഞ്ഞ് 3.30 ന് വിശേഷാൽ കാഴ്ചശിവേലിക്ക് ദേവസ്വം ആനത്തറവാട്ടിലെ തലയെടുപ്പ് കൊമ്പൻ ഇന്ദ്രസെൻ ഭഗവാൻ്റെ കോലം ചുമക്കും. പറ്റാനകളായി ശ്രീധരനും രവികൃഷ്ണനും ശോഭയേകും. പല്ലാവൂർ ശ്രീധരൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയായി നീങ്ങും.
സന്ധ്യയിൽ ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ നാദസ്വരവും, ഭഗവതി കെട്ടിൽ നടക്കുന്ന ഡബിൾ തായമ്പകയും ഏറെയായിരിക്കും ഭക്തിസാന്ദ്രത കൂട്ടുക. രാത്രി 9 മണിക്ക് വിശേഷാൽ നാദസ്വര ഇടക്ക പ്രദക്ഷിണത്തോടെ വിളക്ക് എഴുന്നള്ളിപ്പ് നടക്കും.
രാവിലെ 6 മണി മുതൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ജ്യോതി ദാസ് ഗുരുവായൂരിന്റെ സോപാന സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.ബാങ്ക് മണ്ഡപത്തിൽ സർക്കിൾ ഓഫീസ് ജനറൽ മാനേജർ “എസ്. സുനിൽകുമാർ” ഭദ്രദീപം തെളിക്കും.
പത്രസമ്മേളനത്തിൽ പി. വിനോദ് കുമാർ, ഭാസ്ക്കരൻ എം.എസ്., ജി. രാജേഷ് കുമാർ, വിനോദ്കുമാർ പി., ശ്രീദേവി പി.ഇ., അഞ്ജന യു.എം., കരിഷ്മ ഐ.എസ്., അനന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

