തുലാമാസ വാവുബലി ദിനത്തിൽ പെരുന്തട്ട ശിവക്ഷേത്രം പിതൃസ്മരണകളുടെ തീർത്ഥമായി
ഗുരുവായൂർ ∶ ശ്രേഷ്ഠമായ തുലാമാസ വാവുബലിതർപ്പണ കർമ്മത്തിനായി പ്രദേശത്തെ പുണ്യയിടമായ പെരുന്തട്ട ശിവക്ഷേത്ര പരിസരത്ത് ഇന്ന് പുലർച്ചെയോടെ തന്നെ ഭക്തജനസമുദ്രം ഉണർന്നു. ക്ഷേത്രകുളക്കരയിൽ പ്രത്യേകമായി ഒരുക്കിയ വിപുലമായ തർപ്പണ പന്തലിൽ പുലർച്ചെ 4.30ന് ആരംഭിച്ച തർപ്പണകർമ്മം രാവിലെ 9 മണിവരെ നീണ്ടുനിന്നു.

നൂറുകണക്കിന് ഭക്തജനങ്ങളാണ് പിതൃമോക്ഷപ്രാപ്തിക്കായി പിണ്ഡപ്രദാനത്തിലും തർപ്പണത്തിലും പങ്കാളികളായത്. ആചാര്യൻ രാമകൃഷ്ണൻ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തിയത്.
വാവുബലി ചടങ്ങുകൾക്കും ദർശനത്തിനുമായി ക്ഷേത്ര പരിസരമൊട്ടാകെ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. വഴിപാടുകൾ സമർപ്പിക്കാനും അനുബന്ധ സേവനങ്ങൾ നടത്താനും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ചടങ്ങുകൾക്ക് വിജയകുമാർ അകമ്പടി, ഹരി വടക്കൂട്ട്, അരവിന്ദാക്ഷ മേനോൻ കോങ്ങാട്ടിൽ, ഹരി കൂടത്തിങ്കൽ, കെ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

