ഗുരുവായൂർ: സംസ്ഥാനത്തിലെ ദേവസ്വം ബോർഡുകളിൽ നടക്കുന്ന സ്വർണ്ണക്കൊളളയും ഗുരുതര ക്രമക്കേടുകളും വെളിവാകുന്ന സാഹചര്യത്തിൽ വിശ്വാസം സംരക്ഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിശ്വാസ സംരക്ഷണ ജാഥ’ ഇന്ന് (ഒക്ടോബർ 14) പാലക്കാട് ജില്ലയിൽ നിന്ന് ആരംഭിക്കുന്നു.

കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി. ക്യാപ്റ്റനായും, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ മുൻ എം.പി. വൈസ് ക്യാപ്റ്റനായും നേതൃത്വം നൽകുന്ന ഈ ജാഥ ഒക്ടോബർ 15 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ എത്തിച്ചേരും.
പടിഞ്ഞാറെ നടയിലെ സ്വീകരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി, ഡി.സി.സി നേതാക്കൾ പ്രസംഗിക്കും..
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ പാളികൾ, കട്ടിളപ്പടി അടക്കമുള്ള അമൂല്യ വസ്തുക്കളുടെ കൊള്ള, ദേവസ്വം ബോർഡുകളിലെ ഉന്നതരുടെ അറിവില്ലാതെ നടക്കില്ലെന്ന ആരോപണങ്ങൾ ശക്തമാകുകയാണ്. ഹൈക്കോടതിയുടെ ഇടപെടലിൽ മാത്രമാണ് ഈ കൊള്ളകൾ പുറത്ത് വന്നത്. മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളിലും സമാന സ്വഭാവത്തിലുള്ള അനിയമങ്ങൾ ഉയർന്നുവന്നതായി കോൺഗ്രസ് ആരോപിച്ചു.
വിശ്വാസ സംരക്ഷണ സംഗമത്തിൽ കുന്നംകുളം, നാട്ടിക, മണലൂർ, ഗുരുവായൂർ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ കെ.പി.സി.സി സെക്രട്ടറി കെ.ബി. ശശികുമാർ, കെ.ഡി. വീരമണി, ബ്ലോക്ക് പ്രസിഡൻറ് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി. ഷാനവാസ് എന്നിവർ പങ്കെടുത്തു.

