കുന്നംകുളം: മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എംപാലിശേരി (66) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
കടവല്ലൂർ കൊരട്ടിക്കര സ്വദേശിയായ ബാബു എംപാലിശേരി 2006-ലും 2011-ലും തുടർച്ചയായി കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്ന് ഇടതുപക്ഷത്തിന്റെ എംഎൽഎ ആയിരുന്നു. പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിച്ചു.
നീണ്ടുനിന്ന പാർക്കിസൺസ് രോഗബാധ മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. അസുഖം കൂടുതൽ രൂക്ഷമാകുന്നതോടെ ചെറിയ കോമാവസ്ഥയിലേക്കും മാറിയിരുന്നു. വീട്ടിൽ തന്നെ ശുശ്രൂഷയിൽ ആയിരുന്നു.
രണ്ടുതവണ സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സഹഭാരവാഹി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം, കടവല്ലൂർ പഞ്ചായത്ത് മെമ്പർ, പ്രതിപക്ഷ നേതാവ്, സിഐടിയു സംസ്ഥാന സമിതി അംഗം തുടങ്ങിയ പ്രധാന ചുമതലകളും വഹിച്ചു.
ഭാര്യ: ഇന്ദിര (മാനേജർ, അടാട്ട് ഫാർമേഴ്സ് ബാങ്ക്)
മക്കൾ: അശ്വതി (UK), അഖിൽ (എഞ്ചിനീയർ)
മരുമകൻ: ശ്രീജിത്ത് (ഒമാൻ)
സഹോദരങ്ങൾ: മാധവനുണ്ണി (റിട്ട. എക്സി. എൻജിനീയർ), എം. ബാലാജി (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം), തങ്കമോൾ, രാജലക്ഷ്മി
ഇൻകം ടാക്സ് ഓഫീസർ ആയിരുന്ന കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി രാമൻനായരുടെയും അമ്മിണിയമ്മയുടെയും മൂത്തമകനായി 1959-ൽ ജനിച്ചു.
മൃതദേഹം ഉച്ചക്ക് കുന്നംകുളത്തെ സിപിഎം പാർട്ടി ആസ്ഥാനത്ത് എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരത്തോടെ കൊരട്ടിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
സംസ്കാരം നാളെ.

