ഗുരുവായൂർ: അഷ്ടമി രോഹിണി നാളിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ. ഗുരുവായൂർ കണ്ണനെ കൺനിറയെ കണ്ട് വിശേഷാൽ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു.
ദർശന സായൂജ്യ നേടിയ ധന്യതയിലായിരുന്നു ഗുരുവായൂരിൽ നിന്ന് ഭക്തരുടെ മടക്കം.പുലർച്ചെ മൂന്നിന് നിർമ്മാല്യത്തിന് ക്ഷേത്രം നട തുറന്നപ്പോൾ തന്നെ ഭക്തരുടെ നീണ്ട നിര ദൃശ്യമായി. വരി നിന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കാൻ രാവിലെ 6 മണി മുതൽഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം ഒഴിവാക്കിയിരുന്നു. കാഴ്‌ചശീവേലിക്ക് രാവി ലെ പെരുവനം കുട്ടൻ മാരാർ മേളം പ്രമാണിയായി.ദർശനം നേടിയ ഭക്തർ തുടർന്ന് കണ്ണൻ്റെ പിറന്നാൾ സദ്യയുണ്ടു. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും തെക്കേ നടപ്പന്തലിലും മറ്റുമായി 1800 ഭക്തർ ഒരേ സമയം സദ്യ കഴിക്കൻ ദേവസ്വം സൗകര്യം ഒരുക്കിയിരുന്നു.
ശർക്കരവരട്ടി, വറുത്ത ഉപ്പേരി, നെല്ലിക്ക അച്ചാർ, പുളിയിഞ്ചി,എരിശേരി, ഓലൻ, കാളൻ, പായസം, പഴം, പപ്പടം, മെഴുക്കുപുരട്ടി ,നാരങ്ങ അച്ചാർ, പച്ച മോര് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇലയിൽ നിരന്നു.
തെക്കേ നടപ്പന്തലിൽ ഭഗവാൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ :പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. തുടർന്ന് ഭഗവാനായി തൂശനിലയിൽ വിഭവങ്ങൾ വിളമ്പി. പിന്നീടാണ് ഭക്തർക്കായി പിറന്നാൾ സദ്യ വിളമ്പിയത്. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഭക്തർക്കുള്ള ഇലയിട്ട് ആദ്യം വിഭവങ്ങൾ വിളമ്പി. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ,, ശ്രീ.മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

