ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ദേവസ്വം വക ചുറ്റുവിളക്ക് ആരംഭിച്ച് 52-ാം വർഷം
? ഹൈലൈറ്റുകൾ
- 1974 മുതൽ അഷ്ടമിരോഹിണി ദേവസ്വം വക ചുറ്റുവിളക്ക്
- അപ്പം തയ്യാറാക്കാൻ 25 റാത്തൽ ഓടും, 12 ക.8 അണ ചെലവും അനുവദിച്ചിരുന്ന പഴയ രേഖകൾ
- പാലക്കാട് കുഞ്ചുമേനോൻ (പോലീസ് ഇൻസ്പെക്ടർ), പൂതേരികുടുംബം വക വഴിപാടുകളും ചരിത്രത്തിൽ
- ഈ വർഷം ചെലവ്: ₹38.47 ലക്ഷം
- 8 ലക്ഷം രൂപയുടെ പാൽപ്പായസം, 7.25 ലക്ഷം രൂപയുടെ അപ്പം നിവേദ്യം
- 1983 മുതൽ ദേവസ്വം വക ഭാഗവത സപ്താഹം പതിവായി.

ഭൂലോക വൈകുണ്ഠത്തിൽ വീണ്ടും അഷ്ടമിരോഹിണി
ഭൂലോകവൈകുണ്ഠം എന്ന് വിശേഷിപ്പിക്കുന്ന ഗുരുപവനപുരിയിൽ വീണ്ടും അഷ്ടമിരോഹിണി ഉത്സവം ഭക്തിസാന്ദ്രമാകുന്നു. ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളൊന്നുമില്ലെങ്കിലും ഗുരുവായൂരപ്പന്റെ നിത്യനിദാനങ്ങൾ മഹാസദസ്സിൽ നടക്കും.ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ചടങ്ങിൽ രണ്ട് നേരം കാഴ്ചശീവേലി, വാദ്യഘോഷങ്ങൾ, രാത്രി ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന ആകർഷണം.
പഴമയുടെ രേഖകൾ പറയുന്നു
സാമൂതിരി രേഖകൾ പ്രകാരം, അപ്പം വാർക്കാൻ 25 റാത്തൽ ഓടും, 12 ക.8 അണ ചെലവും അനുവദിക്കാൻ ഭണ്ഡാര അറയിൽ നിന്ന് അപേക്ഷിച്ചിരുന്നതായി കാണുന്നു.
1946-ൽ അഷ്ടമിരോഹിണി ചുറ്റുവിളക്ക് നടത്താൻ പാലക്കാട് പോലീസ് ഇൻസ്പെക്ടർ കുഞ്ചുമേനോൻയ്ക്ക് പ്രത്യേക നിബന്ധനകളോടെ അനുമതി നൽകിയിട്ടുണ്ട്.
1974 – വഴിത്തിരിവായ വർഷം
1974 സെപ്റ്റംബർ 9-ലെ അഷ്ടമിരോഹിണി മുതൽ ദേവസ്വം വക ആഘോഷങ്ങൾ തുടങ്ങി. അന്ന് ₹5000 ചെലവിൽ തുടങ്ങിയ ആഘോഷം ഇന്ന് ₹38.47 ലക്ഷത്തിലേക്ക് ഉയർന്നിരിക്കുന്നു.
കെ.സി.മരുമകൻരാജ സാമൂതിരി രാജ, വി.എസ്.വിജയരാഘവൻ, മേലോത്ത് നാരായണൻ നമ്പ്യാർ, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ഉൾപ്പെട്ട ഭരണസമിതി അന്ന് ഉത്സവം ദേവസ്വം വകയാക്കി.
വഴിപാടുകളുടെ കൗതുകങ്ങൾ
1974-ൽ: ₹1645 രൂപയുടെ പാൽപ്പായസം, ₹2103 വിലയുള്ള അപ്പം
2025-ൽ: ₹8 ലക്ഷം രൂപയുടെ പാൽപ്പായസം, ₹7.25 ലക്ഷം രൂപയുടെ അപ്പം
ഒരുകാലത്ത് ഒരു രൂപയ്ക്ക് 32 അപ്പം, ഇന്ന് ₹35ക്ക് 2 അപ്പം മാത്രം!
ഭക്തിസാന്ദ്രമായ അനുബന്ധങ്ങൾ
1983 മുതൽ ഭാഗവത സപ്താഹം ദേവസ്വം വകയായി തുടർന്നു
നാട്ടുകാരുടെ വക തമിഴ് സമ്പ്രദായത്തിലുള്ള ഉറിയടി 1974-ൽ ആദ്യമായി നടന്നു
ഗുരുവായൂരപ്പന്റെ നമസ്കാരം വഴിപാടായി പടിയത്ത് കല്യാണിക്കുട്ടി അമ്മ
ഇന്നത്തെ ആഘോഷം
ഈ വർഷം (2025) സെപ്റ്റംബർ 14-ന്
₹38.47 ലക്ഷം ചെലവിൽ അഷ്ടമിരോഹിണി
പാൽപ്പായസം, അപ്പം, കാഴ്ചശീവേലി, മേളം, ചുറ്റുവിളക്ക് എല്ലാം ദേവസ്വം വകയായി
ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ ഗുരുവായൂർ വീണ്ടും വൃന്ദാവനമാകുന്നു.
അരനൂറ്റാണ്ട് മുമ്പ് വരെ അഷ്ടമിരോഹിണി സുദിനത്തിൽ ഗുരുവായൂരപ്പന് രാത്രി ചുറ്റുവിളക്ക് പൂതേരി കുടുംബം വക വഴിപാട് ആയിരുന്നു. എന്നാൽ 52 വർഷം മുമ്പ് 1974 സെപ്റ്റംബർ 9 ലെ അഷ്ടമിരോഹിണി ആഘോഷം ഇദംപ്രഥമമായി ഗുരുവായൂർ ദേവസ്വം വകയായി നടത്തുവാനും രാത്രി ചുറ്റുവിളക്ക് കൂടുതൽ ആഘോഷത്തോടെ കാഴ്ച ശീവേലിയും,വാദ്യഘോഷങ്ങളും ഏർപ്പെടുത്തു വാനും അഷ്ടമിരോഹിണി ആഘോഷത്തിന് 5000/_ രൂപ ചെലവു പ്രതീക്ഷിക്കുന്ന വിധം നടത്തുവാനും ദേവസ്വം തീരുമാനിച്ചു. കെ.സി.മരുമകൻരാജ സാമൂതിരി രാജ ചെയർമാനും, വി.എസ്. വിജയരാഘവൻ, മേലോത്ത് നാരായണൻ നമ്പ്യാർ, പുതൂർ ഉണ്ണികൃഷ്ണൻ, എൻ.ബാലാമണി അമ്മ,കെ.കുട്ടിക്കൃഷ്ണൻ,വടേക്കര ബാലകൃഷ്ണൻനായർ, കെ.കുഞ്ഞമ്പു, ഇ.സി.മാധവൻനമ്പ്യാർ,ജി.ഗോപിനാഥപിള്ള, പി.ടി.മോഹനകൃഷ്ണൻ, എ.എൻ. ഗോപാലകൃഷ്ണപിള്ള, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി മന കാരണവർ കൃഷ്ണൻ നമ്പൂതിരി എന്നിവരും,എൻ.കെ.നാരായണകുറുപ്പ് അഡ്മിനിസ്ട്രേറ്റർ ആയും നിലവിൽ വന്ന അന്നത്തെ ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് ഗുരുവായൂരപ്പന്റെ അഷ്ടമിരോഹിണി ആഘോഷത്തിന് ഏർപ്പാട് ചെയ്തത്. ഗുരുവായൂരപ്പന്റെ ഭക്തയായ പടിയത്ത് കല്യാണിക്കുട്ടി അമ്മയുടെ വക ഗുരുവായൂരപ്പന് നമസ്കാരം വഴിപാട് ഉണ്ട്.1974 ലെ അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് നാട്ടുകാരുടെ വകയായി കിഴക്കെ നടയിൽ പ്രത്യേകം തമിഴ് സമ്പ്രദായത്തിൽ ഉറിയടിയും ഇദംപ്രഥമമായി നടന്നു.ഈ വർഷം സെപ്തംബർ 14 ന് 8 ലക്ഷം രൂപയുടെ പാൽപ്പായസവും,7.25 ലക്ഷം രൂപയുടെ അപ്പം പ്രത്യേകം നിവേദ്യമായി ഗുരുവായൂരപ്പന് ക്ഷേത്രം കീഴ്ശാന്തി നമ്പൂതിരിമാർ രാവിലെ മുതൽ അത്യദ്ധ്വാനംചെയ്ത് തയ്യാറാക്കുമ്പോൾ അരനൂറ്റാണ്ട് മുമ്പ് 1974 ലെ അഷ്ടമിരോഹിണി സുദിനത്തിൽ 1645 രൂപയുടെ പാൽപ്പായസവും ,2103 ക്ക് യുടെ അപ്പവുമാണ് വഴിപാട് നടന്നത് എന്നത് കൗതുകം തോന്നാം.ഗുരുവായൂരപ്പന്റെ അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് അഷ്ടമിരോഹിണി സുദിനത്തിൽ കൃഷ്ണാവതാരം ഭക്തജനങ്ങൾക്കെല്ലാം ശ്രവിക്കാവുന്ന വിധം കഴിഞ്ഞ 42 വർഷമായി,1983 മുതൽ ദേവസ്വം വകയായി ഭാഗവത സപ്താഹവും നടന്നുവരുന്നു.
ഗുരുവായൂർ ക്ഷേത്ര ചരിത്രം സംബന്ധിച്ച് പഴമയുടെപെരുമയിലെ സാമൂതിരി രേഖകളിൽ അഷ്ടമിരോഹിണി സുദിനത്തിൽ അപ്പം തയ്യാറാക്കാൻ അപ്പം വാർക്കാൻ അപ്പക്കാരോൽ വേണമെന്നും,ആയതിന് ഭണ്ഡാര അറയിൽ നിന്ന് 25 റാത്തൽ ഓട് എടുക്കാൻ അനുവാദം വേണമെന്നും,12.ക 8 ണ ചെലവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം മാനേജർ സാമൂതിരി കോവിലകം ആസ്ഥാനത്തേക്ക് എഴുതി അനുവാദം ചോദിക്കുന്നതും,79 വർഷം മുമ്പ് 1946 ൽ അഷ്ടമിരോഹിണി സുദിനത്തിൽ ചുറ്റുവിളക്ക് നടത്താൻ പാലക്കാട് പോലീസ് ഇൻസ്പെക്ടർ കുഞ്ചു മേനോന് നിബന്ധനകളോടെ അനുമതി നൽകുന്ന തിട്ടൂരവും കൗതുകകരമാണ്. ഒരു കാലത്ത് ഒരു രൂപക്ക് 32 അപ്പം പ്രസാദമായി ലഭിച്ചിരുന്നു എങ്കിൽ ഇന്ന് രണ്ട് അപ്പം പ്രസാദം ലഭിക്കാൻ 35 രൂപയാണ് വഴിപാട് നിരക്ക്.
ഗുരുവായൂരപ്പന് അഷ്ടമിരോഹിണി ആഘോഷം ദേവസ്വം വകയായി ആരംഭിച്ചിട്ട് 52 വർഷം പിന്നിടുമ്പോൾ ഗുരുപവനപുരം ദേവസ്വം വക ആഘോഷങ്ങൾക്ക് പുറമെ ഗുരുവായൂരിലെ ഭക്തജനസംഘടനകൾ നടത്തുന്ന ഭക്തിസാന്ദ്രമായ ഉറിയടിയും, ബാലലീലകളും, നൃത്തവും എല്ലാംകൊണ്ടും ഗുരുവായൂരിനെ വൃന്ദാവനമാക്കുന്നു.
✍️ കടപ്പാട് : രാമയ്യർ പരമേശ്വരൻ

