the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ഗജവീരൻ “കേശവന്” ഗജരാജൻ ബഹുമതി നൽകി 52 വർഷം!

? ഹൈലൈറ്റുകൾ
?️ 1973 സെപ്റ്റംബർ 10 – ചരിത്ര ദിനം!
22 ആനകളുടെ അണിനിരപ്പോടെ നടന്ന ഗജഘോഷയാത്ര
120 ലിറ്റർ അരി, 120 കിലോ ശർക്കര, 100 നാളികേരം ചേർത്ത് ശർക്കരപ്പായസം സമർപ്പണം
“ഗജരാജൻ” മുദ്ര അണിയിച്ചത്: ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരി
ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്.

- Advertisement - Guruvayoor image
1003096752

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ഗജവീരനായ കേശവന് “ഗജരാജൻ” ബഹുമതി നൽകി ആദരിച്ച് 52 വർഷം.
1973 സെപ്റ്റംബർ 10ന് ഗുരുവായൂരിൽ നടന്ന സേവനസുവർണ്ണജൂബിലി ആഘോഷം, കേരളചരിത്രത്തിൽ ആദ്യമായി ഒരാനക്കു ലഭിച്ച മഹത്തായ ബഹുമതി ആയിരുന്നു.
നിലമ്പൂരിൽ നിന്ന് ഗുരുവായൂരിലേക്ക് എത്തിയ കേശവൻ, 60 വർഷത്തോളം ഗുരുവായൂരപ്പന്റെ ശീവേലിയും, എഴുന്നള്ളിപ്പുകളും, പൂരം-ഉത്സവങ്ങളും ഭംഗിയേകി.
ഗുരുവായൂരപ്പനെ ശിരസ്സിലേറ്റി, കേരളത്തിലെ എല്ലായിടത്തും ഗാംഭീര്യം നിറഞ്ഞ സാന്നിധ്യം തെളിയിച്ച കേശവനെ നാട്ടുകാർ ഇന്നും “അഭിമാന ഗജവീരൻ” എന്ന നിലയിൽ ഓർക്കുന്നു.
? 1973ലെ അവിസ്മരണീയ ദിനം
ദേശവാസികളും ഭക്തജനങ്ങളും ചേർന്ന് വീഥി മുഴുവൻ കവാടങ്ങളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചു.
ഭക്തിഗാനങ്ങളും നാദസ്വരവും പഞ്ചവാദ്യവും അകമ്പടിയായി.
ഭക്തജനങ്ങൾ കൊട്ടത്തേങ്ങ, ശർക്കര, പൂക്കൾ നൽകി സ്വീകരിച്ചു.
ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് “ഗജരാജൻ” ഫലകം കേശവന്റെ കഴുത്തിൽ അണിയിച്ചു.
ഇന്നത്തെ അനുസ്മരണം?
2025 സെപ്റ്റംബർ 10ന്, ഗജരാജൻ കേശവനെ ആദരിച്ച് 52 വർഷം തികയുന്നു.
“കേശവീയം–2023” എന്ന പരിപാടി വഴി ദേവസ്വം അനുസ്മരണം നടത്തിയിരുന്നു.
പ്രശസ്ത ശിൽപി എളവള്ളിനന്ദകുമാർ നിർമ്മിച്ച കേശവന്റെ പ്രതിമ, ഗുരുവായൂരിന്റെ അഭിമാനമായി ഉയർന്നു.
സിനിമ, സുവനീർ, അനുസ്മരണാഘോഷങ്ങൾ എന്നിവ വഴിയും കേശവൻ ഇന്നും ജീവിക്കുന്ന ഓർമ്മയായി നിലകൊള്ളുന്നു.

1003096717

ഗുരുവായൂരപ്പന് അനവധി വർഷം സേവനംചെയ്ത ഒരാനക്ക് സേവനസുവർണ്ണജൂബിലി ആഘോഷവും,ഗജരാജൻ ബഹുമതിയും നൽകിയ സുദിനം … അന്ന് 1973 സെപ്റ്റംബർ 10 നായിരുന്നു…..കേട്ടവർ ക്ക് എല്ലാം ആശ്ചര്യം! അതെ, ഗുരുവായൂരപ്പന്റെ വാത്സല്യം ആവോളം ആസ്വദിച്ചു കളിച്ചു രസിച്ചു നടന്ന ഒരു പടുവികൃതിയായി,ഭക്തജനങ്ങൾക്ക് കുസൃതിത്തരങ്ങൾ കാട്ടി കൗതുകമുണർത്തിയ ഗുരുവായൂരപ്പന്റെ സ്നേഹഭാജനമായ ഒരാനക്കുട്ടി ! വികൃതികൾ നിലതെറ്റിയപ്പോൾ ,ഒരു ഘട്ടത്തിൽ “ഭ്രാന്തൻ” കേശവൻ എന്ന് വരെ അപഖ്യാതി കേട്ട ഗജവീരൻ….മാത്രമോ വികൃതി മാറ്റാൻ ജ്യോത്സ്യനെ കണ്ട് പ്രശ്നം വെപ്പിച്ച് കഴുത്തിൽ യന്ത്രം കെട്ടി തൂക്കിയ ചരിത്രമുള്ള ആനക്കുട്ടി…കോപാന്തനായാൽ സാമൂതിരികോവിലകം പറമ്പിലെ തെങ്ങുകൾ കുത്തിമറിക്കുക എന്നൊരു ശീലംമാത്രം..എന്നാലോ ഒരിക്കലും ഒരു മനുഷ്യജീവന് അത് സ്വന്തം ആനക്കാരനായാലും,മറ്റൊരാളായാലും ശരി അപായം വരാതിരിപ്പാൻ ബദ്ധശ്രദ്ധയോടെ കരുതലുള്ള സൻമനസ്സുള്ള ഗജവീരൻ….എവിടെ നിന്നായാലും ഇടിഞ്ഞോടിയാൽ ഗുരുവായൂരപ്പന്റെ സന്നിധിയെ ലക്ഷ്യം വെച്ച് ഗുരുവായൂരിലേക്ക് ഓടിയെത്തുന്ന പ്രകൃതക്കാരനായ ഗുരുവായൂർകേശവന് ഗുരുവായൂരിൽ”ഗജരാജൻ “ബഹുമതി നൽകി ആദരിച്ചത് 52വർഷം മുമ്പ് 1973 സെപ്റ്റംബർ 10 ന്.!
ഭൂലോകവൈകുണ്ഠമെന്നുപുകൾപെറ്റ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരുനൂറ്റാണ്ട് മുമ്പ് ഏതോ മുജ്ജന്മ സുകൃതംകൊണ്ട് നമ്രശിരസ്കനായി എത്തിപ്പെട്ട ഒരു ഗജവീരൻ ! ഗജേന്ദ്രനുണ്ടോ വ്രതയോഗചര്യ ? ഗജേന്ദ്രനുണ്ടോ കുലവൈഭവാദി ….ഗജേന്ദ്രഹൃത്താരിലെ ഭക്തി മാത്രം ഗജേന്ദ്രമുക്തിക്കു നിദാനമായി…..എന്ന തിരുനാമാചാര്യൻറെ വരികൾ യാഥാർത്ഥ്യമാണെന്ന് തെളിയിച്ച ജീവിതം സഫലമാക്കിയ ഗജപുംഗവൻ !ഗുരുവായൂരപ്പന് അറിഞ്ഞോ,അറിയാതെയോ 60 വർഷത്തെ സേവനം പൂർത്തിയാക്കിയ ഗുരുവായൂർ കേശവന് ഭക്തവൃന്ദവും,ഗുരുവായൂർ പൗരാവലിയും, ദേവസ്വവും ചേർന്ന് “ഗജരാജൻ” ബഹുമതി നൽകിയിട്ട് 2025 സെപ്റ്റംബർ 10 ന് 52 വർഷം തികയുന്നു.
ചരിത്രത്തിൽ ആദ്യമായി ഒരു ഗജപുംഗവനെ ആദരവോടെ സ്വീകരിച്ച് സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഗജരാജൻ ബഹുമതി നൽകിയ ചരിത്രം ഗുരുവായൂരിൽ മാത്രം. ഗുരുവായൂരപ്പന്റെ സ്വന്തം കേശവന് മാത്രം! നിലമ്പൂരിലെ വനാന്തരങ്ങളിൽ നിന്നും നിലമ്പൂർ കോവിലകത്തേക്ക് എത്തിച്ചേർന്ന കുസൃതിയായ കുട്ടിക്കൊമ്പൻ….ഒരവസരത്തിൽ കോവിലകം രാജകുടുംബത്തിന്റെ പ്രാർത്ഥനയുടെ ഫലമായി ഗുരുവായൂരപ്പന് നടയിരുത്തപ്പെട്ടു. ഗുരുവായൂരപ്പന്റെ കൊടിമരത്തറയിൽ വെള്ളയും കരിമ്പടവും വിരിച്ച് ഭദ്രദീപംതെളിയിച്ച് തീർത്ഥവും കളഭവും ചാർത്തി നടയിരുത്തിയ ആനക്കുട്ടിക്ക് മേശ്ശാന്തി പേര് വിളിച്ചു കേശവൻ! കേശവൻ! കേശവൻ ! കാലാന്തരേണ കേശവൻ വളർന്നു വലുതായി. ഗുരുവായൂരിന്റ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതി ചേർക്കപ്പെട്ട ഒരു ഗജസമ്രാട്ട്..ഒരിക്കലും മായാത്ത ഗുരുവായൂർ കേശവനായി….. നൂറ് വർഷംമുമ്പ് ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലേക്ക് 1922 ൽ അപ്രതീക്ഷിതമായി,നവാഗതനായി എത്തിയ കേശവൻ ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പേറ്റി അനവധി കാലം ശീവേലിക്കും, ചുറ്റുവിളക്കിനും, ക്ഷേത്രത്തിൽ നടന്നു വന്ന അനവധി എഴുന്നള്ളിപ്പുകൾക്കും ഗജപ്രൗഢിയോടെ പ്രധാനിയായി കോലമേറ്റി.ഗുരുവായൂരപ്പനെ ശിരസ്സിലേറ്റി .ഇടത്തരികത്ത് കാവ് ഭഗവതിയെ ശിരസ്സിലേറ്റി അമ്മയുടെ അനുഗ്രഹം ധാരാളം ഏറ്റുവാങ്ങി. ഗുരുവായൂർ ഉത്സവം,ഏകാദശി അഷ്ടമിരോഹിണി ആഘോഷങ്ങൾക്കെല്ലാം കേശവൻ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലമേറ്റി. അനുഗൃഹീതനായ കേശവൻ ഗുരുവായൂർ ക്ഷേത്രം വിട്ട് പുറമേ എഴുന്നള്ളിപ്പുകൾക്ക് പോയിതുടങ്ങി. പ്രഗത്ഭരായ മറ്റു ഗജവീരൻമാരെയെല്ലാം പിന്നിലാക്കി ശിരസ്സുയർത്തി നിന്നു.തൃശൂർ പൂരവും, ഇരിങ്ങാലക്കുട ഉത്സവവും, നെൻമാറ_വല്ലങ്ങി പൂരം,പുതുക്കോട് നവരാത്രി ഉത്സവം, തൃപ്രയാർ ഏകാദശി ഉൾപ്പെടെ പല എഴുന്നള്ളിപ്പുകൾക്കും വാടാനപ്പള്ളി ക്ഷേത്രോത്സവം, എന്ന് വേണ്ട കുന്നംകുളം പള്ളിയിൽ നേർച്ച എഴുന്നള്ളിപ്പും വരെ പ്രൗഢിയോടെ സാന്നിധ്യം അറിയിച്ച് വീണ്ടും വീണ്ടും പ്രഗൽഭനായി.പ്രശസ്തനായി.കേരളത്തിലങ്ങോളമിങ്ങോളം എഴുന്നള്ളിപ്പുകൾക്ക് ഗുരുവായൂർ കേശവൻ പ്രസിദ്ധനായി.ആനകളിൽ ഒഴിച്ചുകൂടാനാവാത്ത ഗാംഭീര്യം !എവിടേയും എഴുന്നള്ളിപ്പുകൾക്ക് ഗുരുവായൂർ കേശവൻ പ്രധാനിയായി.ഗുരുവായൂരിനൊരു അഭിമാനമായി.. അങ്ങനെ 1973 സെപ്റ്റംബർ 10 ന് കേശവൻ “ഗജരാജൻ” ഗുരുവായൂർ കേശവൻ ആയി ! കേരളത്തിൽ ഒരാനക്ക് ലഭിച്ച ആദ്യ അംഗീകാരം.!
അതെ,…ഗുരുവായൂരപ്പന്റെ ഭക്തൻമാർ, നാട്ടുകാർ, ഒട്ടനവധി അഭ്യുദയകാംക്ഷികൾ,ആനപ്രേമികൾ , ഉൾപ്പെടെ ഗുരുവായൂർ പൗരാവലി കേശവനെ വാത്സല്യപൂർവ്വം സ്നേഹിച്ചവർ ഒരേ ശബ്ദത്തിൽ തീരുമാനിച്ചുറച്ചു…. കേശവന്റെ സേവനസുവർണ്ണജൂബിലി ഒരാഘോഷമാക്കണമെന്ന്.എല്ലാവരും ഭൂലോകവൈകുണ്ഠനാഥനായ ,ഗജപ്രിയനായ ഗുരുവായൂരപ്പനോട് ഒരപേക്ഷ സമർപ്പിച്ചു. ഗുരുവായൂർ കേശവന് ഒരു ബഹുമതി നൽകി ആദരിക്കണം…. ഇതായിരുന്നു ആവശ്യം.
.. പ്രാർത്ഥനയോടെ ഗുരുവായൂർ ദേവസ്വം അധികൃതരെ വിവരം ധരിപ്പിച്ചു. ഒട്ടും താമസമില്ലാതെ ഗുരുവായൂർ ദേവസ്വവും കേശവന്റെ കാര്യത്തിൽ പങ്കാളികളായി. ദേവസ്വം അനുമതി യായി.ഗുരുവായൂരിലെ പൗരപ്രമുഖൻ ജി.ജി.കൃഷ്ണയ്യർ പ്രസിഡണ്ടായും എ.വേണുഗോപാലൻ കാര്യദർശിയായും ഗുരുവായൂർ കേശവൻ “സേവനസുവർണ്ണജൂബിലി ആഘോഷക്കമ്മറ്റി “യും രൂപീകരിച്ചു. ഇന്നത്തെ പോലെ ആധുനിക സാങ്കേതിക മാധ്യമങ്ങളുടേയോ മറ്റു സംവിധാനങ്ങളുടേയോ സംവിധാനം ഒന്നും ഇല്ലാത്ത കാലം..കേശവന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടീസുകൾ,വാൾ പോസ്റ്റുകൾ ഗുരുവായൂർ ദേശംമുഴുവനും നിറഞ്ഞു.ആനപ്രേമികൾ ക്ക് ആവേശമായി. നാട്ടുകാർ ഉത്സാഹഭരിതരായി.എന്നാൽ ചിലരെങ്കിലും അടക്കം പറഞ്ഞു…എങ്ങും കേട്ടുകേൾവിയില്ലാത്ത മറ്റെങ്ങും കാണാത്ത ഒരാഘോഷം ! ഒരാനയുടെ സേവനസുവർണ്ണജൂബിലി ആഘോഷമോ ? പലരും ആശ്ചര്യഭരിതരായി.എന്നാൽ ഗുരുവായൂരപ്പനുള്ള ഭക്തിവിശ്വാസം !അതെ,ഗുരുവായൂരപ്പന്റെ കേശവന് സുവർണ ജൂബിലി ദിനം…അതൊന്ന് ഗംഭീരമാക്കണം…ഇതായി എല്ലാവരുടേയും ചിന്ത. ..പത്രദ്വാര സേവനസുവർണ്ണജൂബിലി ആഘോഷ വിവരം ലോകം മുഴുവനും അറിഞ്ഞു.ഗുരുവായൂരിലെ വീഥികളെല്ലാം സംഘടനകളുടേയും, വ്യക്തികളുടേയും വകയായി കേശവന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള കവാടങ്ങളും ബാനറുകളും കൊണ്ട് അലംകൃതമായി. സേവനസുവർണ്ണജൂബിലി യോടനുബന്ധിച്ച് ഉച്ചക്ക് ഒരു മണിക്ക് വലിയ ഘോഷയാത്ര നടന്നു.ഗുരുവായൂർ കേശവനോടുള്ള ബഹുമാനാർത്ഥം കേരളത്തിലെ മികച്ച ആനകൾ ഘോഷയാത്രയിൽ പങ്കെടുത്തു.അനവധി അനവധി ഭക്തജനങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകി എത്തി..ദേവസ്വത്തിൽനിന്നും ഗുരുവായൂരപ്പന്റെ സ്വന്തം ഗജവീരൻമാരും,പുറമെ നിന്നും എത്തിയ ആനകളും ഉൾപ്പെടെ പണ്ടെങ്ങും കണ്ടിട്ടില്ലാത്തവിധം 22ആനകൾ പങ്കെടുത്ത അതിഗംഭീരമായ ഒരു ഗജ ഘോഷയാത്ര ! മുമ്പിൽ ആടയാഭരണങ്ങൾ അണിഞ്ഞും പട്ടുതുണിയിൽ തയ്യാറാക്കി യ വലിയ മേലങ്കി മേലണിഞ്ഞും ശിരസ്സുയർത്തി മന്ദം മന്ദം നടന്നു നീങ്ങുന്ന കേശവൻ..
ഘോഷയാത്ര ഗുരുവായൂരിനെ ഉത്സവഭരിതമാക്കി. ക്ഷേത്രത്തിൽ 120 ലിറ്റർ അരിയും,120 ലിറ്റർ ശർക്കരയും,100 നാളികേരവും ഉപയോഗിച്ച് ശർക്കരപ്പായസം തിടപ്പള്ളിയിൽതന്നെ കീഴ്ശാന്തി നമ്പൂതിരിമാർ തയ്യാറാക്കി പന്തീരടി പൂജക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. കിഴക്കെ നടയിൽ നിന്നും മഞ്ജുളാൽ ചുറ്റി , പാർത്ഥസാരഥി ക്ഷേത്രം വലം വെച്ച് തെക്കെ നട സാമൂതിരികോവിലകത്തിനുമുമ്പിലൂടെ നീങ്ങിയ ഘോഷയാത്ര പടിഞ്ഞാറെനടയിൽ വന്ന് പടിഞ്ഞാറെ ഗോപുരത്തിന്റെ മുമ്പിൽ എത്തി. അവിടെനിന്നും ഗുരുവായൂർ മഹിളാ സമാജം,തിരുവെങ്കിടം മഹിളാ സമാജം അംഗങ്ങളും കേശവന് താലമേന്തി അനുഗമിച്ചു. ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയ കേശവൻ. അവിടെ നിന്നും ഗുരുവായൂരപ്പന്റെ രുദ്ര തീർത്ഥം വലം വെച്ചു. അലംകാരവിഭൂഷിതനായ കേശവന്റെ നേതൃത്വത്തിൽ നാദസ്വരവും പഞ്ചവാദ്യവും അകമ്പടി സേവിച്ച ഘോഷയാത്ര കിഴക്കെ ഗോപുരം സന്നിധിയിൽ എത്തി ച്ചേർന്നു. ശങ്കരപുരംഅപ്പുമാരാരുടെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം. കുരുത്തോലയും,വാഴക്കുല കളും,കൊടിതോരണങ്ങളും കൊണ്ട് ഗുരുവായൂർ പ്രദേശം അലംകൃതമായി.വഴിനീളെ നിലവിളക്കും,നിറപറയും വെച്ച് കടകളിലും വീടുകളിലും ഗുരുവായൂരപ്പന്റെ കേശവനെ, ഗുരുവായൂർ കേശവനെ ഭക്തജനങ്ങൾ ആരതി ഉഴിഞ്ഞു സ്വീകരിച്ചു.നാരായണനാമോച്ചാരണത്തോടെ ആഞ്ഞം മാധവൻ നമ്പൂതിരി കേശവന് വലിയ ഹാരമണിയിച്ച് പ്രത്യേകം കർപ്പൂരാരതി ചെയ്തു വന്ദിച്ചു.കൊട്ടത്തേങ്ങയും, ശർക്കരയും കൂട്ടിച്ചേർത്തു ഭക്തജനം ഭക്തിയോടെ, ആദരവോടെ കേശവന് വായിൽ നൽകാൻ മത്സരിച്ചു.ക്ഷേത്രഗോപുരനടയിൽ വെച്ച് ക്ഷേത്രം ഊരാളനും അന്നത്തെ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാനും കൂടിയായിരുന്ന മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് സ്വർണ്ണലിപികളിൽ എഴുതിയ “ഗജരാജൻ ” ഫലകം കേശവന് കഴുത്തിൽ അണിയിച്ചു.ഭക്തകണ്ഠങ്ങളിൽ നിന്നും നാമസംകീർത്തനം മുഴങ്ങി. ഉച്ചയ്ക്ക്ശേഷം അഞ്ച് ആനകൾ പങ്കെടുത്ത കാഴ്ച ശീവേലിക്ക് ഗുരുവായൂരപ്പനെ ശിരസ്സിലേറ്റി ഗജരാജപട്ടം അണിഞ്ഞ കേശവൻ ആത്മനിർവൃതിയിലായി.നേരത്തെ നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത ഗജവീരൻമാർക്കെല്ലാം ഗുരുവായൂരപ്പന് നിവേദിച്ച ശർക്കരപ്പായസം നൽകി.
അങ്ങനെ ചരിത്രത്തിൽ ആദ്യമായി ഒരാനക്ക് ഗജരാജൻ ബഹുമതി,ഒരാനയുടെ സേവനസുവർണ്ണജൂബിലി ആഘോഷം ഇതെല്ലാം ഗുരുവായൂരിന്റെ ചരിത്രത്തിൽ ഇടം നേടി.ഉത്സവലഹരിയിലാറാടിയ ഗുരുവായൂരിന്റെ അന്നത്തെ അവിസ്മരണീയമായ ആ സുദിനം. വർഷങ്ങൾ പിന്നിട്ട് ഇതാ 52 വർഷം തികഞ്ഞിരിക്കുന്നു.കേശവന് ഗജരാജൻ ബഹുമതി നൽകി ആദരിച്ചിട്ട് 1973 ൽ നിന്നും 2025 സെപ്റ്റംബർ 10 ലെത്തി.ഗുരുവായൂർ ദേശവാസികൾക്ക് അതൊരു അവിസ്മരണീയമായ ഓർമ്മയായി…. ഗജരാജൻ കേശവൻ ഓർമ്മയായിട്ട് 49 വർഷം പിന്നിടുമ്പോൾ ,അഭിനവ ഗജേന്ദ്രമോക്ഷത്തിലൂടെ,ഒരു സിനിമയിലൂടെ ,ഗജരാജപ്രതിമയിലൂടെ ലോകപ്രശസ്തിയിലെത്തിയ ഗുരുവായൂർ കേശവന്റെ മറക്കാൻ കഴിയാത്ത ഓർമ്മകളുമായി ഗുരുവായൂർ ദേവസ്വം രണ്ട് വർഷംമുമ്പ് വർഷം കേശവീയം_2023 എന്നപേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന അവിസ്മരണീയമായ വിവിധ പരിപാടികൾ ആരംഭിച്ചു.കേശവീയം_2023 നോടനുബന്ധിച്ച് ഗജരാജൻ കേശവൻ്റെ ചരിത്രം രേഖപ്പെടുത്തുന്ന സുവനീർ പ്രകാശനവും അണിയറയിലുണ്ടെന്നറിയുന്നു. ഇന്നും ജ്വലിക്കുന്ന ഓർമ്മകളിൽ ഗുരുവായൂരിലെ പ്രസിദ്ധ ശിൽപി എളവള്ളിനന്ദകുമാറിന്റെ നേതൃത്വത്തിൽ ഗുരുവായൂർ കേശവൻ്റെ പൂർണ്ണമായ പ്രതിമ മനോഹരമാക്കി ഈ വർഷത്തെ ഗജരാജൻ കേശവൻ അനുസ്മരണം പ്രൗഢഗംഭീരമാക്കാനും ഗുരുവായൂർ ദേവസ്വം ശ്രമമാരഭിച്ചു. ഹന്ത! ഭാഗ്യം ഗജാനാം…

✍️ കടപ്പാട്: രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts