വായുഗേഹത്തിൽ കളഭച്ചാർത്തിൽ
വീരയോദ്ധാവായ് നില്ക്കുന്നു കണ്ണൻ
ഇന്നക്കുവലയാപീഡമാന
വീണുകിടക്കുന്നുണ്ടങ്ങു മുന്നിൽ
കണ്ണൻ്റെ തൃപ്പാദമൊന്നതിൻ്റെ
മസ്തകത്തിൻമേലെയൂന്നിക്കാണ്മൂ
ആനക്കഴുത്തിന്മേൽ ചാടിക്കേറാൻ
മറ്റേക്കാൽ തെല്ലങ്ങുയർത്തിക്കാണാം
ആന തൻ കൊമ്പുകൾ രണ്ടുംവലി-
ച്ചൂരിയെടുത്തിട്ടുണ്ടിന്നു കണ്ണൻ
കൊമ്പൊന്നു മാറോടു ചേർത്തുവച്ചും
മറ്റേതുയർത്തിപ്പിടിച്ചും കാണ്മൂ
പീലി , മലർമാല, ഫാലഗോപി
കാതിൽ തിലകങ്ങൾ സ്വർണ്ണമാല്യം
കങ്കണം തോൾവള, വന്യമാല്യം
കാഞ്ചി, തളകളും മെയ്യിലുണ്ട്
പൊൻകസവുള്ള ചെമ്പട്ടുടുത്ത്
പുഞ്ചിരി തൂകിലസിപ്പു കണ്ണൻ
ആ രൂപം ചിത്തേ സ്മരിച്ചുകൂപ്പാം
ഭക്തിയോടിന്നു നാമംജപിക്കാം
കൃഷ്ണാ! ഹരേ! ജയ!കൃഷ്ണാ! ഹരേ!
നാരായണാ! ഹരികൃഷ്ണാ! ഹരേ!
കൃഷ്ണാ! ഹരേ! ജയ! കൃഷ്ണാ! ഹരേ!
വാതാലയേശ്വരാ!കൃഷ്ണാ! ഹരേ!
(വൃത്തം: മാവേലി)