വായുഗേഹത്തിലെ ശ്രീലകത്തിന്നതാ
നാരായണരൂപം കണ്ടുകൂപ്പാം
ചന്ദനച്ചാർത്തിൽ തെളിയുന്നു വിഗ്രഹം
ദേവൻ ചതുർബാഹുവായ് ലസിപ്പൂ
തൃക്കൈകൾ നാലിലായ് ശംഖം, ഗദ, ചക്രം
പദ്മവുമിന്നു ധരിച്ചുകാണ്മൂ
പൊൻകിരീടം, പീലി, മാല, ചെവിപ്പൂക്കൾ
ഗോപികൾ നെറ്റിമേൽ കാതിലും ഹാ!
സ്വർണ്ണമാല്യങ്ങൾ, വനമാലകൾ മാറിൽ
ചേലൊത്ത പൊൻകാഞ്ചിയുണ്ടരയ്ക്കും
കൈവള, തോൾവള മിന്നുന്നു ചേലെഴും-
ഭൂഷകളായിന്നു വിഗ്രഹത്തിൽ
പൊൻകസവുള്ളൊരു ചെമ്പട്ടു ചേലോടെ
നന്നായ് ഞൊറിഞ്ഞുടുത്തിന്നു കാണ്മൂ
മിന്നുന്ന ചെമ്പട്ടിനാലുണ്ടരക്കെട്ടും,
പൊൻതള കൊഞ്ചുന്നു പാദങ്ങളിൽ
മാലകൾ ചാർത്തിവിതാനിച്ച കോവിലിൽ
ദീപപ്രഭാപൂരമങ്ങു കാണാം
തൃച്ചരണങ്ങൾ പുണരുന്ന പൊൻതളയ്-
ക്കൊപ്പമുറക്കെ നാമം ജപിക്കാം
മാറത്തെയാ വനമാലയിൽ ചേർന്നൊരാ
സൂനദളംപോൽ പൂമേനി പുല്കാം
നാരായണാനാമമുച്ചരിച്ചെന്നുമേ
കാല്ക്കൽ വീണങ്ങു നമസ്കരിക്കാം
നാരായണാ! ഹരി! നാരായണാ! ഹരി
വായുപുരേശ്വരാ ! പാഹി കൃഷ്ണാ!