വാതാലയത്തിൽ ചതുർത്ഥിനാളിൽ കാണ്മൂ
ചേതോഹരമായ് കളഭച്ചാർത്ത്
ഉണ്ണിഗ്ഗണപതിയോടൊത്തു ശ്രീലക-
ത്തുണ്ണിക്കണ്ണൻ വിളങ്ങുന്നു ഭംഗ്യാ
പൊൻകിരീടം ,മലർമാല, പൊൻഗോപിയും
തങ്കസുമങ്ങളക്കാതിലുമായ്
സ്വർണ്ണമണിമാല വന്യമാല്യങ്ങളും
കണ്ണനണിഞ്ഞിന്നു കാണ്മു ചേലായ്
കങ്കണം, തോൾവള മിന്നുന്നു കൈകളിൽ
കിങ്കിണി കുമ്പയോടൊട്ടിനില്പൂ
ചെമ്പട്ടുകോണകം, കാൽത്തളയും കാണു-
ന്നമ്പോറ്റിയുണ്ണിതൻ വിഗ്രഹത്തിൽ
ഉണ്ണിതൻ തൃക്കൈയിലൊന്നിൽപൊൻവേണുവു-
ണ്ടുണ്ണിയപ്പം കാണ്മൂ മറ്റേക്കൈയിൽ
അൻപിനോടപ്പത്തിന്നായതാ നീട്ടുന്നു
തുമ്പിക്കൈ മോദമോടഗ്ഗണേശൻ
പുഞ്ചിരിയോടെ കടാക്ഷാമൃതം തൂകു –
ന്നഞ്ജനവർണ്ണനും വിഘ്നേശനും
എണ്ണാം സുകൃതമിന്നാ നടയ്ക്കൽചെല്ലാം
ഉണ്ണികളെ ഭക്ത്യാ വന്ദിച്ചീടാം
ആമോദമോടേ സ്മരിക്കാമലങ്കാരം
നാമം ജപിക്കാം നമസ്കരിക്കാം
വിഘ്നേശ്വരാ! ജയ! കൃഷ്ണാ! ഹരേ! ജയ!
വാതാലയേശ്വരാ! പാഹി! ശൗരേ !
(വൃത്തം: മഞ്ജരി)