വാതാലയത്തിൽ കളഭച്ചാർത്തിൽ കാണാം
ചേതോഹരമായ കൃഷ്ണരൂപം
പൊന്മണിഭൂഷകൾ ചാർത്തിയിരിക്കുന്നു-
ണ്ടമ്മണിവർണ്ണനാ ശ്രീലകത്തായ്
പൊന്നിൻകിരീടം,മലർമാല, മൗലിയിൽ
പൊൻഗോപിയുണ്ടതാ ഫാലദേശേ
കാതുകളിൽ ചേലായിന്നു തിളങ്ങുന്നു
പൊൻപൂക്കൾ രണ്ടെണ്ണം ചേലൊടിന്നും
പൊന്മണിമാല, വനമാല, മാറിലും
മിന്നുംതരിവള കൈകളിലും
കായാമ്പൂവർണ്ണനു കാന്തി പകർന്നിന്നു
കാണുന്നു ദീപപ്രഭയിലാഹാ
തൃച്ചരണങ്ങളെത്താഴ്‌ത്തിവച്ചിന്നതാ
സ്വച്ഛമിരിക്കുന്നു കണ്ണനുണ്ണി
വേണു വലംകൈയിലേന്തിയിരുകരം
തൃത്തുടമേലൂന്നിയങ്ങിരിപ്പൂ
കുമ്പമേലൊട്ടുന്ന പൊന്നരഞ്ഞാണവും
ചെമ്പട്ടുകോണകം പൊൻതളയും
കണ്ണനാമുണ്ണിക്കു ഭൂഷകളായിട്ടു
കാണുന്നു പൊന്മണിവിഗ്രഹത്തിൽ
കഞ്ജവിലോചനൻതന്നുടെ ചെഞ്ചുണ്ടിൽ
പുഞ്ചിരിപ്പൂനിലാവഞ്ചിടുന്നു
ഭക്തർക്കു ദർശനം നല്കിവിളങ്ങുന്നു
തൃക്കടാക്ഷാമൃതം തൂകിടുന്നൂ
കണ്ണനാമുണ്ണിതൻ ചേലെഴുംവിഗ്രഹം
ഭക്ത്യാ സ്മരിച്ചിന്നു കൈകൾ കൂപ്പാം
ഉച്ചത്തിൽ നാമം ജപിച്ചിടാമങ്ങുചെ-
ന്നാമയമാറ്റാൻ നമസ്കരിക്കാം
കൃഷ്ണാ! ഹരേ! ജയ!കൃഷ്ണാ! ഹരേ! ജയ!
കൃഷ്ണാ! ഹരേ! ജയ!കൃഷ്ണാ! ഹരേ!
കൃഷ്ണാ! ഹരേ! ജയ!കൃഷ്ണാ! ഹരേ! ജയ!
വാതാലയേശ്വരാ! കൃഷ്ണാ! ഹരേ!
(വൃത്തം: മഞ്ജരി)