പൊൻചിലമ്പു ശിഞ്ജിതം പൊഴിച്ചുവാണിടുന്നൊര-
പ്പിഞ്ചുതൃപ്പദം പിണച്ചു വായുമന്ദിരത്തിലായ്
കഞ്ജലോചനൻ മുരാരി നില്പു, വേണുവൊന്നത-
ച്ചെഞ്ചൊടിക്കമർത്തി മെല്ലെയൂതിടുന്നു മോദമായ്
സ്വർണ്ണഭൂഷ, പീലി, വന്യമാല, പട്ടുകോണകം
വർണ്ണമാർന്നു വിഗ്രഹത്തിൽ മിന്നിടുന്നു ചേലൊടേ
കണ്ണനുണ്ണിതന്റെ വേണുഗാനവും നുകർന്നിനി-
ത്തിണ്ണമിന്നു നാമഘോഷമോടെ കൈവണങ്ങിടാം
കൃഷ്ണ, കൃഷ്ണ! പാഹിമാം മരുത്പുരേശ! പാഹിമാം
കൃഷ്ണ! വേണുഗോപ! ഞാൻ വണങ്ങിടുന്നു തൃപ്പദം
കൃഷ്ണ! കൃഷ്ണ! ഭക്തവത്സലാ! മുകുന്ദ! പാഹിമാം
കൃഷ്ണ! വായുമന്ദിരേശ! മാധവാ! തുണയ്ക്കണേ
(വൃത്തം: തൂണകം)