താമരക്കണ്ണനെക്കണ്ടുകൂപ്പാ-
നെത്തുവിൻ നിങ്ങൾ മരുത്പുരിയിൽ
പുവിന്നകത്തു ചമ്രംപടിഞ്ഞി-
ന്നുണ്ണിയിരിക്കുന്നു വെണ്ണയുണ്ണാൻ
വെണ്ണയുരുള വലംകൈയിലായ്-
ചേർത്തങ്ങു മാറോടണച്ചുകാണ്മൂ
പുല്ലാങ്കുഴലുണ്ടിടംകൈയിലായ്
തോളിലേയ്ക്കങ്ങതാ ചായ്ച്ചുകാണാം
പീലി കളഭത്തിനാൽ മനഞ്ഞും
മേലെത്തിരുമുടിമാലയോടും
നെറ്റിമേൽ ഗോപി , ചെവിക്കു പൂക്കൾ
ചാർത്തിലസിക്കുന്നു കണ്ണനുണ്ണി .
പൊന്നിൻവളയമൊന്നക്കഴുത്തിൽ
മിന്നുന്നു, താഴെത്തിലകമൊന്നും
കൈവള, തോൾവള, വന്യമാല്യം
പൊന്മണിമാലയും കാണ്മു മെയ്യിൽ
കുമ്പമേൽപറ്റുന്ന കിങ്ങിണിയും
ചെമ്പട്ടുകോണകം, കാൽത്തളയും
ദീപപ്രഭയിൽ തിളങ്ങിയിന്നും
കാണുന്നു ഭൂഷയായ് വിഗ്രഹത്തിൽ,
നാമമന്ത്രങ്ങൾ മുഴക്കിടാമി –
ന്നാമോദമോടേ വണങ്ങിനില്ക്കാം
താപങ്ങളാറ്റിടാം തൃപ്പദത്തിൽ
ഭക്തിയോടിന്നു നമസ്കരിക്കാം
(വൃത്തം: മാവേലി)