ഉരുളയായ് കരതാരതിൽ വെണ്ണയും
മുരളിയാ മറുകൈയിലുമേന്തിയും
ചിരി പൊഴിച്ചഥ കോമളബാലനായ്
മരുവിടുന്നു മുരാരി മരുത്പുരേ
മുടിയിലായ് മകുടം, മലർമാലകൾ
നിടിലഗോപി, ചെവിക്കു സുമങ്ങളും
കനകമാലകളും വനമാലയും
തിലകവും തെളിയുന്നിതു മാറിലായ്
വിഭവമേറെയതുണ്ടുനിറഞ്ഞൊരാ
വയറൊടൊട്ടിയമർന്നൊരു കാഞ്ചിയും
വളകളും തള ,കോണകവും ധരി –
ച്ചരുമയുണ്ണി ലസിപ്പു, വണങ്ങിടാം
ഗുരുപുരേശ്വര! മാധവ! മോദമായ്
ചരണതാരിണ കണ്ടുവണങ്ങിടാം
സ്മരണയിൽ തവ രൂപമനാരതം
വരണമേ വരമായ് മുരളീധരാ!
(വൃത്തം: ദ്രുതവിളംബിതം)