ഉണ്ണിക്കണ്ണനിരിക്കുന്നി-
ന്നൂഞ്ഞാലിൻ പൊൻപടിമേലേ
ഉച്ചപ്പൂജയ്ക്കതു കാണാ-
നെത്തുക നിങ്ങൾ വായുപുരേ .
മൗലിയിലങ്ങഥ കളഭത്താൽ
പീലി മനഞ്ഞിട്ടുണ്ടിന്നും
മേലെത്തിരുമുടിമാലകളും
ഫാലേ ഗോപിയുമുണ്ടല്ലോ
കാതുകളിൽ പൊൻപൂക്കളതാ
കണ്ണനണിഞ്ഞഥ കാണുന്നൂ
അമ്മണിമാറിൽ ലസിക്കുന്നൂ
പൊന്മണിമാലകൾ, വനമാല
കൈവള, തോൾവളയിന്നഴകായ്
പൂവുടൽചേർന്നുവിളങ്ങുന്നൂ
ഊഞ്ഞാൽവള്ളി പിടിച്ചഥ തൻ-
കുഞ്ഞുകരങ്ങളതാ കാണ്മൂ
പൊന്നോടക്കുഴലൊന്നരയിൽ
നന്നായ് തിരുകിയിരിക്കുന്നൂ
ഇന്നാ കുമ്പയൊടൊട്ടുന്നൂ
പൊന്നിൻകിങ്ങിണിയൊന്നാഹാ!
പട്ടിൻകോണമുടുത്തുണ്ണി
തുഷ്ടിയൊടങ്ങനിരിക്കുന്നൂ
തൃച്ചരണങ്ങളിൽ മോദമൊടേ
സ്വച്ഛമുരുമ്മുന്നൂ തളകൾ
ഭക്തിയൊടിന്നുമൊരുക്കുക നാം
ചിത്തമതിൽ ഹാ! പൊന്നൂഞ്ഞാൽ
വെണ്ണ കരങ്ങളിലേകി മുദാ
കണ്ണനെയങ്ങതിലേറ്റിടുവിൻ
പൂഞ്ചിരിതൂകിന കണ്ണനെയാ
നെഞ്ചിലിരുത്തി വണങ്ങിടുവിൻ
നാമജപത്തോടതിഭക്ത്യാ
തൃച്ചരണങ്ങളിൽ വീണിടുവിൻ
നാരായണ! ഹരി! കൃഷ്ണ! ഹരേ!
വായുപുരേശ്വര! കൃഷ്ണ! ഹരേ!
കൃഷ്ണ! ഹരേ! ജയ! കൃഷ്ണ! ഹരേ!
പാലയ! വായുപുരേശ! ഹരേ!
(വൃത്തം: ലളിതതരംഗിണി )
ഉണ്ണിക്കണ്ണനിരിക്കുന്നി | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1193).
മലയാളത്തിലെ മുന്‍നിര എഴുത്തുകാരി. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്‍പ്പത്തൊന്നു പുസ്തകങ്ങള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പരിഭാഷ ആദ്യമായി വെളിച്ചം കണ്ടത് ശ്രീകുമാരിയുടെ തൂലികയിലൂടെ. പത്തു പുരസ്കാരങ്ങള്‍. കൊച്ചിയില്‍ സ്ഥിര താമസം.
Email: Sreekumari.rcm@gmail.com