വായുഗേഹത്തിൽ കളഭച്ചാർത്തിൽക്കാണാം
മോഹനദൃശ്യമതൊന്നു ചേലായ്
തങ്കത്തിടമ്പിന്മേൽ ശംഖാഭിഷേകമ-
ക്കണ്ണനാമുണ്ണി ചെയ്യുന്നു മോദാൽ
പീലി മുടിമേലേ ചാർത്തി മലർമാല
ചുറ്റിയലങ്കരിച്ചിന്നു കാണാം
ഫാലേ തിളങ്ങുന്നു പൊൻഗോപി, കാതിൽപ്പൂ
ചേലാർന്നു മിന്നുന്നു കർണ്ണങ്ങളിൽ
സ്വർണ്ണമാല്യങ്ങൾ, വനമാല, കങ്കണം
പൊന്നരഞ്ഞാണവും പൊൻചിലമ്പും
പട്ടുകൗപീനവും കാണുന്നു കണ്ണന്നു
ഭൂഷയായിന്നതാ വിഗ്രഹത്തിൽ
മന്ദഹാസത്തൊടേ തൃക്കൈകളിൽ ശംഖം
ചേർത്തങ്ങഭിഷേകം ചെയ്‌വു കണ്ണൻ
വ്യത്യസ്തമായ കളഭച്ചാർത്തീവിധം
ചിത്തേ സ്മരിച്ചിന്നു കൈകൾ കൂപ്പാം
ആമയം നീങ്ങുവാൻ, ഭക്തി വളർത്തുവാൻ
നാമം ജപിക്കാം നമസ്കരിക്കാം
കൃഷ്ണാ! ഹരേ! ജയ!കൃഷ്ണാ! ഹരേ! ജയ!
കൃഷ്ണാ! ഹരേ! ജയ! കൈതൊഴുന്നേൻ
കൃഷ്ണാ! ഹരേ! ജയ!കൃഷ്ണാ! ഹരേ! ജയ!
വാതാലയേശ്വരാ! പാഹി! കൃഷ്ണാ!
(വൃത്തം: മഞ്ജരി)