വിരിഞ്ഞ താമരയ്ക്കകത്തുനിന്നു നൃത്തം
ചെയ്തിടുന്നതാ മരുത്പുരേ മുരാരി
കരങ്ങളിൽ തിളങ്ങി വെണ്ണ, വേണുവുണ്ടേ
സുസ്മിതം പൊഴിച്ചുനില്പു കണ്ണനുണ്ണി
ധരിച്ചുകാണ്മു ഭൂഷയായി മെയ്യിലിന്നും
സ്വർണ്ണമാല,കങ്കണങ്ങൾ, വന്യമാല
മുടിക്കുമേലെ ചന്ദനത്തിനാലെ പിഞ്ഛം
ഫാലഗോപി, കാതിലങ്ങു പൂക്കളുണ്ട്
അരയ്ക്കു കാഞ്ചി, പട്ടുകോണകം ലസിപ്പൂ
കാഞ്ചിമേലെ ഞാന്നു പൊന്നലുക്കു കാണ്മു
പദങ്ങളെപ്പുണർന്നു താളമിട്ടിടുന്നൂ
പൊൻചിലമ്പു രണ്ടുമിന്നു മോദമോടെ
കരങ്ങൾ കൂപ്പിടുന്നു, കാല്ക്കൽ വീണു ഭക്ത്യാ
നാമഘോഷമോടെ ഞാൻ നമസ്കരിപ്പു
തുണച്ചിടേണമെന്നുമേ മരുത്പുരേശാ!
കൃഷ്ണ! കൃഷ്ണ! കാത്തു രക്ഷചെയ്ക കൃഷ്ണ!
(വൃത്തം: ചരാവതി )