ഉച്ചപ്പൂജയ്ക്കിന്നു വാതാലയേശനെ
ശ്രീരാമരൂപത്തിൽ കാണ്മു ഭംഗ്യാ
വില്ലും ശരവുമാ തൃക്കൈകളിലുണ്ട്
വില്ലാളിയായങ്ങു നില്പു രാമൻ
പൊന്നിൻകിരീടമുണ്ടിന്നതാ മൗലിയിൽ
മേലേ പൂമാലയുമുണ്ടു ചേലായ്
ഗോപി, ചെവിപ്പൂക്കൾ , പൊന്മണിമാലകൾ
വന്യമാല്യങ്ങളും കാണ്മു മെയ്യിൽ
കങ്കണം, തോൾവള മിന്നുന്നു കൈകളിൽ
കാഞ്ചി തിളങ്ങുന്നരയ്ക്കുമേലേ പട്ടു ഞൊറിഞ്ഞുടുത്തിട്ടുണ്ടു, പൊൻതള
മുത്തമിടുന്നു തൃപ്പാദങ്ങളിൽ
ചാരത്തു നില്ക്കുന്നു സോദരന്മാരവർ
മൂന്നുപേർ ചാപബാണങ്ങളേന്തി
കൈകേയീപുത്രൻ ഭരതനും കൂടെയാ
ലക്ഷ്മണശത്രുഘ്നൻമാരുമുണ്ട്
ഭക്തർക്കനുഗ്രഹമേകുന്ന സോദരർ
മോദമായ് ദർശനമേകിടുന്നു
ശ്രീലകത്തേയ്ക്കൊന്നു നോക്കിയാലിന്നു നാ-
ലമ്പലദർശനം സാധ്യമാകും
കർക്കടകം വിട ചൊല്ലാനൊരുങ്ങുമ്പോൾ
തൃക്കടാക്ഷം നുകർന്നീടുവാനായ്
ചിത്തമങ്ങെത്തട്ടെ നാമഘോഷത്തോടെ
വാതാലയത്തിലേക്കിന്നു ഭക്ത്യാ
ശ്രീരാമ ! രാഘവാ! സീതാപതേ! രാമ!
പാഹിമാം പാഹിമാം രാമഭദ്രാ!
രാമാ! ഹരേ! ജയ! കൃഷ്ണാ! ഹരേ! ജയ!
വാതാലയേശ്വരാ! പാഹി ! കൃഷ്ണാ!
( വൃത്തം: മഞ്ജരി )