വേണുവൊന്നു കരതാരിലേന്തിയും
ചേണെഴുന്ന പല ഭൂഷ ചാർത്തിയും
ഇന്നു കാണ്മു, ചരണം പിണച്ചതാ
കണ്ണനുണ്ണിയുടെ ചാരുവിഗ്രഹം
പൊൻകിരീടമതു ചാർത്തി , മൗലിയിൽ
ചന്തമാർന്ന മലർമാലചുറ്റിയും
തങ്കഗോപി നിടിലേ ധരിച്ചുമ-
പങ്കജാക്ഷനമരുന്നു, കൈതൊഴാം
സ്വർണ്ണമാല,വനമാല ,ഗോപിയും
മാറിലങ്ങു വിലസുന്നു ഭംഗിയായ്
കങ്കണങ്ങൾ കരതാരിൽ, മിന്നിടും
തങ്കഗോപികളതുണ്ടു തോളിലും
കാഞ്ചിയുണ്ടരയിലിന്നതിന്നുമേൽ
കാന്തിയാർന്നിളകിടുന്നലുക്കുകൾ
പട്ടുകോണകമുടുത്തു പൊൻതള-
ച്ചാർത്തണിഞ്ഞു ബത കാണ്മു വിഗ്രഹം
ഖേദമൊക്കെയകലാൻ മുരാന്തകാ!
പാദപദ്മമതിൽ വീണുകുമ്പിടാം
മോദമോടെ ഹരിനാമമോതിടാം
കൃഷ്ണ! പാഹി! മരുദാലയേശ്വരാ!
(വൃത്തം: രഥോദ്ധത)