മണിവേണുവും ദധിജവും കരങ്ങളിൽ
പരിചോടെയേന്തി മരുദാലയത്തിലായ്
തെളിയുന്നു മുന്നിൽ മണിവർണ്ണവിഗ്രഹം
പലഭൂഷചാർത്തി വിലസുന്നു, കൈതൊഴാം
മുടിമേലെ പീലി കളഭത്തിനാലതാ,
നിടിലത്തിൽ ഗോപി, ചെവിചേർന്നു പൂക്കളും
മലർമാലയുണ്ട് , മണിമാല, കങ്കണം
തിലകം പതിച്ചു ബത കാണ്മു മാറിലും
ഞൊറിയിട്ട നല്ല കസവാട, കിങ്ങിണി
ചരണങ്ങളങ്ങു പുണരുന്നു പൊൻതള
പുരുമോദമോടെ ഗുരുവായുമന്ദിരേ
ഹരിപാദപദ്മമുടനേ വണങ്ങിടാം
(വൃത്തം: മഞ്ജുഭാഷിണി )