തൃക്കാൽ പിണച്ചിന്നു വാതാലയത്തിൽ
പൊൻവേണു ചുണ്ടോടുചേർത്താത്തമോദം
നാദാമൃതം തൂകിടുന്നൂ മുരാരി
മന്ദസ്മിതാർദ്രം വിളങ്ങുന്നു വക്ത്രം
പൊന്നിൻകിരീടം, മലർമാല, ഗോപി
പൊൻപൂക്കൾ കാതിൽ,ഗ്ഗളേ സ്വർണ്ണമാല്യം
തൃക്കൈകളിൽചേർന്നു പൊൻകങ്കണങ്ങൾ
മാറത്തതാ വന്യമാല്യം ലസിപ്പൂ
പൊൻകിങ്ങിണിച്ചാർത്തു, പൊന്നിന്നലുക്കും
ചെമ്പട്ടുകോണം പദേ പൊൻചിലമ്പും
കേശാദിപാദം മനക്കണ്ണിലാഹാ
മിന്നുന്നതാ വേണുഗോപാലരൂപം
കണ്ണന്റെയാ വേണുനാദം ശ്രവിക്കാം
ദണ്ണംമറന്നങ്ങതിന്നൊപ്പമാടാം
ആമോദമോടിന്നു കണ്ണാ!വണങ്ങാം
നാമം ജപിക്കാം ഹരേ! കൃഷ്ണ! കൃഷ്ണാ!
(വൃത്തം: കല്യാണി)