പാല്ക്കടൽ കടയുന്നേരമദ്രിയെ-
ത്താങ്ങിനിർത്തി രക്ഷിച്ച മഹാപ്രഭു
കൂർമ്മമൂർത്തിയായ് വായുഗേഹത്തിലെ
ശ്രീലകത്തു വിളങ്ങുന്നു, കൈതൊഴാം
പാതിമെയ് താഴെ കൂർമ്മാകൃതിയിലാ-
ണങ്ങു മേല്പാതി വിഷ്ണുരൂപത്തിലും
തൃക്കരങ്ങളിൽ ശംഖം, ഗദ, പദ്മം
ചക്രവും ലസിക്കുന്നൂ മനോജ്ഞമായ്
പൊൻകിരീടം, മലർമാല, മൗലിയിൽ
തങ്കഗോപിയൊന്നത്തിരുനെറ്റിമേൽ
കാഞ്ചനസുമം കാതിൽ, കഴുത്തിലായ്
വന്യമാല്യങ്ങൾ സ്വർണ്ണമാല്യങ്ങളും
കൈവളകളും, തോൾവള, കിങ്ങിണി
കാണ്മു ദേവന്റെ പൂമെയ്യിലിന്നതാ
ചന്ദനച്ചാർത്തിലിന്നു തെളിഞ്ഞൊരാ
സുന്ദരരൂപമോർത്തു കൈകൂപ്പിടാം
ഭക്തിയോടിന്നു നാമം ജപിച്ചിടാം
തൃക്കഴല്ക്കങ്ങു വീണുവണങ്ങിടാം
കൃഷ്ണ!കൃഷ്ണാ! മുകുന്ദാ! ഹരേ ജയ!
കൃഷ്ണ! പാഹിമാം വാതാലയേശ്വരാ!
(വൃത്തം: പാന)