വലംകൈയാൽ പൊൻവേണു തൻചൊടിയിലങ്ങമർത്തിയി-
ന്നലസമതൂതിനില്പൂ മരുത്പുരേശൻ
ഇടംകൈവിരലിന്മേലാ ഗോവർദ്ധനപർവ്വതത്തെ
കുടപോലെയങ്ങുയർത്തിപ്പിടിച്ചുകാണ്മൂ
കളഭത്താൽ പീലിയുണ്ടാ മൗലിയിങ്കലതിന്മേൽ പൂ-
മാല ചുറ്റിയലങ്കരിച്ചിന്നു കാണുന്നൂ
നിടിലേ പൊൻഗോപി, കാതിൽ തിളങ്ങുന്നു പൊൻപൂക്കളും
ചൊടിയിണ പൊഴിക്കുന്നു തൂമന്ദഹാസം
കനകകങ്കണങ്ങൾ, പൊന്മണിമാല, പൊന്നരഞ്ഞാൺ
വനമാലകളും കാണ്മൂ ഭൂഷകളായി
പൊൻകസവിൻ പട്ടുടുത്തു, തൃച്ചരണങ്ങൾ പിണച്ചു
തങ്കച്ചിലമ്പണിഞ്ഞുണ്ണി വിളങ്ങിടുന്നൂ
അകതാരിൽ ചേർത്തുവയ്ക്കാം ഗോവർദ്ധനോദ്ധാരിയാകും-
മുകിൽവർണ്ണൻ നില്ക്കുന്നൊരാ മോഹനദൃശ്യം
ഹരിനാമം ജപിച്ചിടാം കണ്ണനെ കൈവണങ്ങീടാം
ഹരികൃഷ്ണാ! വാസുദേവാ! വാതാലയേശാ!
(വൃത്തം: നതോന്നത)