വാതാലയത്തിൽ കളഭച്ചാർത്തിൽ
ചമ്രംപടിഞ്ഞങ്ങിരിപ്പു കണ്ണൻ
വെണ്ണക്കുടം തൻമടിയിൽ വച്ചി-
ന്നുണ്ണാനിരിക്കുന്നു ശ്രീലകത്തായ്
ഓടക്കുഴലിടംകൈയിലുണ്ടേ
വെണ്ണയുരുള വലംകൈയിലും
വെണ്ണക്കുടവുമിടംകൈയിനാൽ
ചുറ്റിപ്പിടിച്ചിട്ടുണ്ടിന്നു കണ്ണൻ
മൗലിയിൽ പീലി കളഭത്തിനാൽ,
മേലെത്തിരുമുടിമാലയുണ്ട്
നെറ്റിമേൽ പൊൻഗോപി, കാതിൽ പൂക്കൾ
സ്വർണ്ണമാല്യങ്ങൾ കഴുത്തിലുണ്ട്
മാറത്തു ചേലായ് വനമാലകൾ
കൈകളിൽ കങ്കണം തോൾവളയും കിങ്ങിണി,
കോണകം, കാൽത്തളയും
കാണുന്നു കണ്ണന്നു ഭൂഷയായി.
തുഷ്ടിയോടങ്ങിരുന്നുണ്ണി, വെണ്ണ-
യുണ്ണുന്ന ദൃശ്യം നുകർന്നുഭക്ത്യാ
വായുപുരേശനെ കൈവണങ്ങാം
നാമം ജപിച്ചു നമസ്കരിക്കാം
നാരായണാ! ഹരി! നാരായണാ!
നാരായണാ ! പരിപാഹി! കൃഷ്ണാ!
കൃഷ്ണാ! ഹരേ! ജയ! കൃഷ്ണാ! ഹരേ!
വാതാലയേശ്വരാ! പാഹി! കൃഷ്ണാ!
(വൃത്തം: മാവേലി)