തൃപ്പദംപിണച്ചുനിന്നു വേണുവൂതിടുന്നൊരാ
കണ്ണനുണ്ണിതൻ്റെ രൂപമിന്നു വായുമന്ദിരേ
വിഗ്രഹത്തിലങ്ങലങ്കരിച്ചു കാണ്മു ഭംഗിയായ്
കണ്ടുകൈവണങ്ങിടാം നമസ്കരിച്ചിടാം മുദാ
പീലിയുണ്ടു , മാലയുണ്ടു ,ഗോപി, കർണ്ണസൂനവും
ചേലെഴുന്ന ഹേമഭൂഷയുണ്ടു മെയ്യിലിന്നതാ
സ്വർണ്ണമാല,വന്യമാല, കങ്കണങ്ങൾ തോൾവള
കണ്ണനങ്ങണിഞ്ഞുകാണ്മു കാഞ്ചി , പട്ടുകോണവും
കാണിനേരമാ മനോജ്ഞരൂപമോർത്തു നിന്നിടാം
വേണുഗാനധാര മോദമോടെ ഹാ! നുകർന്നിടാം
പൊൻചിലമ്പു മുത്തിടുന്ന തൃപ്പദം സ്മരിച്ചിടാം
നാമഘോഷമോടെയിന്നിതാ നമിച്ചിടാം വിഭോ!
കൃഷ്ണ! കൃഷ്ണ! വേണുഗാനലോല! മാധവാ! ഹരേ!
കൃഷ്ണ! കൃഷ്ണ! കാത്തരുൾക സങ്കടങ്ങൾ നീക്കി നീ
കൃഷ്ണ! കൃഷ്ണ! വാസുദേവ!നന്ദനന്ദനാ ഹരേ!
കൃഷ്ണ! കൃഷ്ണ !പാഹിമാം മരുത്പുരേശ! പാഹിമാം
(വൃത്തം: തൂണകം )