ഉച്ചപ്പൂജയ്ക്കിന്നു വാതാലയത്തിലായ്
ചമ്രംപടിഞ്ഞിരിക്കുന്നു കണ്ണൻ
ആ വലംതൃക്കൈയിൽ പൊൻവേണുവുണ്ടതാ
തൃത്തുടമേൽ ചേർത്തുവച്ചുകാണ്മൂ
പൊന്നിൻമകുടവും പൂമാലകളുമാ
മൗലിയിൽ കാന്തി പകർന്നിടുന്നൂ
നെറ്റിമേൽ പൊൻഗോപി, കാതിൽപൊൻപൂക്കളും
കാണുന്നു കണ്ണന്നു ഭൂഷയായി
സ്വർണ്ണമാല്യങ്ങൾ, വനമാല , കൈവള
സ്വർണ്ണസുമങ്ങളുണ്ടിന്നു തോളിൽ
കിങ്ങിണി, കോണകം, കാൽത്തളയും ചാർത്തി
കണ്ണനാമുണ്ണിയിരിപ്പൂ ചേലായ്
തൃക്കടാക്ഷം തൂകി, മന്ദസ്മിതത്തോടെ
ഭക്തരെ കാത്തങ്ങിരിക്കയാണോ?
ഉണ്ണുവാൻ വെണ്ണയുമായമ്മയെത്തുവാ-
നുണ്ണി ക്ഷമയോടിരിക്കയാണോ?
കേശാദിപാദമാ മോഹനരൂപനെ
ഭക്ത്യാ സ്മരിച്ചിന്നു കൈവണങ്ങാം
നാമം ജപിച്ചിനി വെണ്ണപോലേ ചിത്തം
സംശുദ്ധമാക്കി സമർപ്പിച്ചീടാം
കൃഷ്ണാ! ഹരേ! ജയ! കൃഷ്ണാ! ഹരേ! ജയ!
കൃഷ്ണാ! ഹരേ! ജയ! കൈതൊഴുന്നേൻ
കൃഷ്ണാ! ഹരേ! ജയ! കൃഷ്ണാ! ഹരേ! ജയ!
വായുപുരേശ്വരാ! കൃഷ്ണാ! ഹരേ!
(വൃത്തം: മഞ്ജരി)