ചന്ദനച്ചാർത്തിൽ മരുത്പുരിയിൽ
ശ്രീരാമസ്വാമിയായ് നില്പു ദേവൻ
തൃക്കൈകളിൽ വില്ലുമമ്പുമുണ്ടേ
പൊന്മണിഭൂഷകൾ മെയ്യിലുണ്ടേ
മൗലിയിലാഹാ കളഭത്താലേ
ചേലായ് കിരീടം ചമച്ചുകാണ്മൂ
മേലെപ്പൂമാലകൾ ചുറ്റിയിന്നും
മൗലിയലങ്കരിച്ചങ്ങു കാണ്മൂ
ഫാലേ തിലകം, ചെവിപ്പൂക്കളും
മാലകൾ, കൈവള , തോൾവളയും
പൊന്മണിമാല, വനമാലയും
ചെമ്മേ ലസിക്കുന്നു വിഗ്രഹത്തിൽ
ചെമ്പട്ടു നന്നായ് ഞൊറിഞ്ഞുചുറ്റി
കിങ്കിണിയൊന്നതിൻമേലണിഞ്ഞും
തൃച്ചരണങ്ങളിൽ പൊൻതളയും
ചാർത്തിവിളങ്ങുന്നു രാമദേവൻ
ആടിമാസത്തിലെ മന്ദാനിലൻ
ശ്രീരാമമന്ത്രങ്ങൾ മൂളിടുമ്പോൾ
ഉച്ചത്തിൽ നാമം ജപിച്ചു ഭക്ത്യാ
ശ്രീരാമദേവനെ കൈവണങ്ങാം
രാമാ! ഹരേ! ജയ! കൃഷ്ണാ! ഹരേ!
വാതാലയേശാ! ശ്രീരാമാ ! ഹരേ!
രാമാ! ഹരേ! ജയ! കൃഷ്ണാ! ഹരേ!
പാഹിമാം വാതാലയേശാ! ഹരേ!
(വൃത്തം: മാവേലി)