വെണ്ണ തൻവലംകരത്തിലേന്തി, വേണു മറ്റതിൽ
ചേർത്തു തോളിലേക്കു ചായ്ച്ചുവച്ചു വായുമന്ദിരേ
കണ്ണനുണ്ണി നില്പു തൃപ്പദം പിണച്ചു മോദമായ്
കണ്ടുകൈവണങ്ങിടാം പദേ നമസ്കരിച്ചിടാം
പൊൻകിരീടമുണ്ട്, മാല, ഗോപി, കർണ്ണസൂനവും
സ്വർണ്ണമാല, വന്യമാല മാറിലും ലസിപ്പു ഹാ!
കങ്കണങ്ങൾ, കാഞ്ചി, പട്ടു കോണകം, ചിലമ്പുമാ
തങ്കവിഗ്രഹത്തിലിന്നണിഞ്ഞു കാണ്മു ചേലൊടേ
വെണ്ണ കൈയിലേന്തി, മന്ദഹാസവും പൊഴിച്ചതാ
മുന്നിൽ നില്ക്കുമുണ്ണിയെ സ്മരിച്ചുകൈവണങ്ങിടാം
കൃഷ്ണനാമമോതി ഭക്തിയോടെ കാല്ക്കൽ വീണിടാം
കൃഷ്ണ! കൃഷ്ണ! പാഹിമാം മരുത്പുരേശ! പാഹിമാം
(വൃത്തം: തൂണകം)