വെണ്ണതന്നുരുളയൊന്നു തൻവലം-
കൈയിൽ, മറ്റതിലെടുത്തു പൊൻകുഴൽ
ചേർത്തു വായുപുരിതന്നിലിന്നതാ
കണ്ണനുണ്ണി മരുവുന്നു മോദമായ്
പീലി, മാല, മകുടങ്ങൾ മൗലിയിൽ
ഫാലഗോപി,യിരുകർണ്ണസൂനവും
സ്വർണ്ണമാല, വനമാല, കങ്കണം
കാണ്മു ഗോപി ബത തോളിൽ മാറിലും
പട്ടുകോണകമരയ്ക്കു, കുമ്പയോ-
ടൊട്ടിനില്ക്കുമൊരു കാഞ്ചിയുണ്ടതാ
മോദമോടുരുവിടുന്നു നാമമ-
പ്പാദതാരിലിളകുന്ന പൊൻതള
ഭക്തിയോടെ ഹരിനാമമോതിടാം
തൃപ്പദങ്ങളിൽ നമസ്കരിച്ചിടാം
കൃഷ്ണ!കൃഷ്ണ! മണിവർണ്ണ! പാഹിമാം
കൃഷ്ണ! പാഹി! മരുദാലയേശ്വരാ!
(വൃത്തം: രഥോദ്ധത )