ഗുരുവായൂർ: കർക്കിടകം ഒന്നാം ദിനമായ നാളെ രാവിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അദ്ധ്യാത്മിക രാമായണ പാരായണം ഉണ്ടാകും. ഡോ.വി.അച്യുതൻ കുട്ടി പാരായണം നിർവ്വഹിക്കും. തുടർന്ന് കർക്കിടകം 32 വരെ പരായണം ഉണ്ടാകും.
രാമായണ മാസ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾക്ക് നാളെ സന്ധ്യയ്ക്ക് ശേഷം 7 മണി മുതൽ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ തുടക്കമാകും.
മുൻ മന്ത്രിയും ഗ്രന്ഥകാരനുമായ മുല്ലക്കര രത്നാകരൻ ആദ്യ ദിനത്തിലെ പ്രഭാഷണം നിർവ്വഹിക്കും. എല്ലാ ദിവസവും ഇതേ സമയത്ത് വിവിധ പണ്ഡിതൻമാരുടെ അദ്ധ്യാത്മിക പ്രഭാഷണങ്ങൾ ഉണ്ടാകും.ദേവസ്വം മതഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ‘രാമായണ പാരായണ മത്സരം,ക്വിസ് മത്സരം എന്നിവ ഉണ്ടാകും.
ഇതോടൊപ്പം ദേവസ്വം കീഴേടം ക്ഷേത്രങ്ങളായ പൂന്താനം മഹാവിഷ്ണു ക്ഷേത്രം ,നെന്മിനി ബലരാമ ക്ഷേത്രം, വെർമാനൂർ ശിവ ക്ഷേത്രം എന്നിവിടങ്ങളിൽ എല്ലാ ദിവസവും രാമായണ പാരായണം ദേവസ്വം നടത്തുന്നുണ്ട്. കൂടാതെ കർക്കടകം ഒന്ന് മുതൽ 12 കൂടി കാവീട് കാർത്യായനി ക്ഷേത്രത്തിൽ മുറജപം വിശേഷാൽ പുഷ്പാഞ്ജലി എന്നിവയും നടത്തുന്നുണ്ട്.
നെന്മിനി ബാലരമ ക്ഷേത്രത്തിൽ കർക്കടക വാവിന് പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നതിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട് .